ബൈഡനെയും പുട്ടിനെയും പിന്നിലാക്കി മോദി; ലോക ജനകീയരില്‍ മായാതെ ബറാക് ഒബാമ
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും ജനകീയരായ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും പട്ടിക തയ്യാറാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ പത്തില്‍ ഇടംപിടിച്ചു. 2021ലെ ഏറ്റവും ജനകീയനായ പുരുഷന്‍മാരില്‍ എട്ടാം സ്ഥാനമാണ് നരേന്ദ്ര മോദിക്ക്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമെല്ലാം മോദിക്ക് പിന്നിലാണ്. അതേമസയം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് മോദിയേക്കാള്‍ ജനപ്രീതിയുണ്ടെന്ന് യുഗവ് നടത്തിയ സര്‍വ്വെയില്‍ പറയുന്നു. 100 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ്. പ്രസിഡന്റ് പദവി ഒഴിഞ്ഞിട്ടും ജനമനസുകളില്‍ അദ്ദേഹം ഇപ്പോഴും ശക്തമായ സ്വാധീനം ചെലുത്തി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണിത്.
അന്താരാഷ്ട്രതലത്തിലാണ് യുഗവ് സര്‍വ്വെ നടത്തിയത്. ബറാക് ഒബാമ തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പലതവണ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്കന്‍ വ്യവസായി ബില്‍ ഗേറ്റ്‌സ് ആണ് ഇത്തവണ രണ്ടാം സ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മൂന്നാം സ്ഥാനത്തുണ്ട്. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആക്ഷന്‍ ഹീറോ ജാക്കി ചാന്‍, ടെക് ഭീമന്‍ എലോണ്‍ മസ്‌ക്, ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി എന്നിവരാണ് മോദിക്ക് മുമ്പിലുള്ളത്. റഷ്യന്‍ പ്രസിഡന്റ് പുടിന് ഒമ്പതാം സ്ഥാനവും ചൈനീസ് വ്യവസായി ജാക് മാ പത്താം സ്ഥാനവും സ്വന്തമാക്കി.

38 രാജ്യങ്ങളില്‍ നിന്നുള്ള 42000 പേരിലാണ് സര്‍വ്വെ നടത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഉള്‍പ്പെടെയായിരുന്നു സര്‍വ്വെ. ഓണ്‍ലൈന്‍ സര്‍വ്വെയാണ് നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇരുപതാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജയിച്ചതോടെയാണ് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നയമാണ് ബൈഡന്‍ പിന്തുടരുന്നത്.
അമേരിക്കന്‍ ഗവേഷണ കമ്പനിയായ മോണിങ് കണ്‍സള്‍ട്ട് ലോകത്തെ പ്രമുഖ നേതാക്കളെ കണ്ടെത്താന്‍ നടത്തിയ സര്‍വ്വെ ഫലം കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 70 ശതമാനം വോട്ട് നേടിയാണ് മോദി ഒന്നാം സ്ഥാനത്തെത്തിയത്. മെക്‌സിക്കോയുടെ പ്രസിഡന്റ് ലോപസ് ഒബ്രഡോര്‍ 66 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിക്ക് 58 ശതമാനം വോട്ട് ലഭിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.












Click it and Unblock the Notifications