സൗദിയില്‍ മിസൈല്‍ ആക്രമണം; രണ്ട് വിദേശികള്‍ക്ക് പരിക്ക്, യുഎഇ മിസൈലുകള്‍ തകര്‍ത്ത പിന്നാലെ
റിയാദ്: യുഎഇയെ ആക്രമിച്ച പിന്നാലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ മിസൈലുകള്‍ തൊടുത്തുവിട്ടു. ജസാനിലെ വ്യാവസായിക മേഖലയിലേക്ക് കുതിച്ചെത്തിയത് ഒന്നിലധികം മിസൈലുകള്‍. രണ്ടു വിദേശികള്‍ക്ക് പരിക്കേറ്റു. ഒരു ബംഗ്ലാദേശിക്കും സുഡാനി പൗരനുമാണ് പരിക്ക്. ഇവിടെയുള്ള വര്‍ക്ക് ഷോപ്പിന് മുകളിലാളിലാണ് മിസൈലുകള്‍ പതിച്ചത്. മറ്റൊരു മിസൈല്‍ സൗദി സഖ്യസേന വെടിവച്ച് തകര്‍ത്തു. ദഹ്‌റാന്‍ ജാനുബിലേക്കെത്തിയ മിസൈല്‍ ആണ് സൈന്യം തകര്‍ത്തത്.
അതേസമയം, ഹൂതികള്‍ക്ക് യമനിലെ അവരുടെ കേന്ദ്രത്തില്‍ വച്ച് സഖ്യസേന ശക്തമായ തിരിച്ചടി നല്‍കി. യമനി പ്രവിശ്യയായ അല്‍ ജൗഫിലെ ഹൂത്തികളുടെ ആയുധ കേന്ദ്രം സഖ്യസേന ബോംബിട്ട് തകര്‍ത്തു. ഇവിടെയുണ്ടായിരുന്ന ബാലസ്റ്റിസ് മിസൈല്‍ ലോഞ്ചറും തകര്‍ത്തവയില്‍ ഉള്‍പ്പെടും. അല്‍ ജൗഫിലെ കേന്ദ്രത്തില്‍ നിന്ന് ഹൂതികള്‍ രണ്ട് ഡ്രോണുകള്‍ തൊടുത്തുവിട്ടിരുന്നു. ഇവ സഖ്യസേന തകര്‍ത്തു.

സൗദിക്കെതിരെ ഹൂതികള്‍ ആക്രമണം നടത്തുന്നത് പതിവാണ്. ഓരോ ദിവസവും മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ സൗദിക്ക് നേരെയുണ്ടാകാറുണ്ട്. എന്നാല്‍ ഒരാഴ്ച്ചയ്ക്കിടെ യുഎഇക്ക് നേരെയും ഹൂതികള്‍ ആക്രമണം തുടങ്ങി എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞാഴ്ച യുഎഇയിലെ അബൂദാബിക്ക് നേരെ ആക്രമണം നടത്തിയ ഹൂത്തികള്‍ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ വീണ്ടും ആക്രമണമുണ്ടായെങ്കിലും മിസൈലുകള്‍ യുഎഇ സൈന്യം തകര്‍ക്കുകയായിരുന്നു. സൈന്യം സ്ഥാപിച്ച താഡ് മിസൈല്‍ പ്രതിരോധ കവചമാണ് മിസൈലുകള്‍ തകര്‍ത്തത്. വിദേശ നിര്‍മിത മിസൈല്‍ പ്രതിരോധ കവചമാണ് താഡ്. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു രണ്ട് ബാലസ്റ്റിക് മിസൈലുകള്‍ അബുദാബിയെ ലക്ഷ്യമിട്ട് എത്തിയത്. ആകാശത്ത് വച്ച് തന്നെ സൈന്യം മിസൈല്‍ തകര്‍ത്തു. ഇവയുടെ അവശിഷ്ടങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പതിച്ചു. കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഹൂതികളുടെ ആക്രമണം റിയാദിലേക്ക് വരെ എത്തിയിരുന്നു. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിക്കാനും അവ പ്രയോഗിക്കാനും മറ്റൊരു ശക്തിയുടെ സഹായമില്ലാതെ ഹൂതികള്‍ക്ക് സാധിക്കില്ല എന്നാണ് സൗദി വിലയിരുത്തുന്നത്. ഇറാനാണ് ഹൂതികളുടെ പിന്നിലെന്നും സൗദി ആരോപിക്കുന്നു. എന്നാല്‍ ഇറാന്‍ ഇതുവരെ ഇക്കാര്യം ശരിവച്ചിട്ടില്ല. യമനിലെ ഷിയാ വിഭാഗക്കാരാണ് ഹൂതികള്‍. ഇവര്‍ക്കെതിരെ സൗദിയും യുഎഇയും സൈനിക നീക്കം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളെയും ഹൂതികള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഇതാകട്ടെ ഗള്‍ഫ് മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. യുഎഇയിലെ കണ്ണായ മേഖലയിലേക്ക് ആക്രമണം എത്തിയാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കും. ആദ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഇന്ത്യക്കാരായിരുന്നു.












Click it and Unblock the Notifications