ലോകത്തെ ഏറ്റവും ദുരിതമേറിയ രാജ്യം സിംബാബ്‌വെ; ആദ്യ പതിനഞ്ചില്‍ ഇവര്‍, ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമായി മാറി സിംബാബ്‌വെ. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാന്‍കെയുടെ ദുരിത സൂചിക റിപ്പോര്‍ട്ടിലാണ് സിംബാബ്‌വെ ഒന്നാം സ്ഥാനത്തെത്തി. യുദ്ധം കൊണ്ട് ദുരിതം അനുഭവിക്കുന്ന യുക്രൈന്‍, സിറിയ, സുഡാന്‍, എന്നീ രാജ്യങ്ങളെ മറികടക്കാനും സിംബാബ്‌വെയ്ക്ക് സാധിച്ചു.
നാണക്കേടിന്റെ നേട്ടം കൂടിയാണിത്. രാജ്യത്ത് അതിതീവ്രമായി നില്‍ക്കുന്ന വിലക്കയറ്റവും, പണപ്പെരുപ്പവുമെല്ലാം ഇതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 243.8 ശതമാനമായി രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. അതേസമയം ഈ റിപ്പോര്‍ട്ടിനായി 157 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് പരിഗണിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംബാബ്‌വെയില്‍ ഉയര്‍ന്ന വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, ഉയര്‍ന്ന പലിശ നിരക്ക്, ജിഡിപി വളര്‍ച്ച പിന്നോട്ട്, എന്നിവയാണ് പ്രധാന വിഷയമായി സ്റ്റീവ് ഹാന്‍കെ ഉയര്‍ത്തി കാണിക്കുന്നത്. ലോകത്തെ ഏറ്റവും ദുരിതം ഇവിടെയാണ്. ഇതില്‍ കൂടുതല്‍ ഞാനെന്ത് പറയേണ്ട കാര്യമില്ലെന്നും ഹാന്‍കെ പറയുന്നു.
സിംബാബ്‌വെ ഭരിക്കുന്ന സാനു പിഎഫിനെയാണ് ഹാന്‍കെ കുറ്റപ്പെടുത്തുന്നു. സാനു പിഎഫിന്റെ രാഷ്ട്രീയ നയങ്ങള്‍ രാജ്യത്തെ വലിയ ദുരിതത്തിലേക്കാണ് നയിച്ചിരിക്കുന്നതെന്നും ഹാന്‍കെ കുറ്റപ്പെടുത്തി. വെനസ്വേല, സിറിയ, ലെബനന്‍, സുഡാന്‍, അര്‍ജന്റീന, യെമന്‍, യുക്രൈന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അങ്കോള, ടോംഗ, ഘാന, എന്നിവയാണ് ആദ്യ പതിനഞ്ചിലുള്ള ദുരിതമേറിയ രാജ്യങ്ങള്‍.
അതേസമയം പട്ടികയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടിയത് സ്വിറ്റ്‌സര്‍ലാന്‍ഡാണ്. ഇവിടെയുള്ള പൗരന്മാര്‍ ഏറ്റവും സന്തുഷ്ടരാണ്. സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്തതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കടങ്ങളൊന്നും പലര്‍ക്കുമില്ല. ഒപ്പം ജിഡിപിയിലെ വര്‍ധന എന്നിവയെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയങ്ങളാണ്.
രണ്ടാമത്തെ സന്തുഷ്ട രാജ്യം കുവൈത്താണ്. അയര്‍ലന്‍ഡ്, ജപ്പാന്‍, മലേഷ്യ, തായ്വാന്‍, നൈജര്‍, തായ്‌ലാന്‍ഡ്, ടോഗോ, മാള്‍ട്ട എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. പട്ടികയില്‍ 134ാം സ്ഥാനത്താണ് അമേരിക്ക. ഇവിടെ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് ജനങ്ങളില്‍ സന്തോഷവും കുറയുന്നു.
ഇന്ത്യ ഈ പട്ടികയില്‍ 103ാം സ്ഥാനത്താണ്. ഇന്ത്യയിലെ പ്രധാന പ്രശ്‌നമായി റിപ്പോര്‍ട്ടില്‍ പറയുന്നത് തൊഴിലില്ലായ്മാണ്. അനുദിനം ഇത് ഇന്ത്യയില്‍ ശക്തമായി കൊണ്ടിരിക്കുകയാണെന്നും ഹാന്‍കെ പറയുന്നു.
അതേസമയം ഫിന്‍ലാന്‍ഡിന് ഇത്തവണ തിരിച്ചടി നേരിട്ടു.വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി ആറ് വര്‍ഷം ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഫിന്‍ലന്‍ഡ് ദുരിത സൂചികയില്‍ 109ാം സ്ഥാനത്തെത്തി. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അപ്ലൈഡ് ഇക്കണോമിക്‌സ് പ്രൊഫസറാണ് സ്റ്റീവന്‍ ഹാന്‍കെ. അദ്ദേഹമാണ് ഇതിന് വേണ്ട വിവരങ്ങള്‍ സമാഹരിച്ചത്.












Click it and Unblock the Notifications