പയ്യാവൂര്‍ സ്വദേശികളുടെ അപകടമരണത്തില്‍ നടുങ്ങി നാട്, ആംബുലൻസ് മരത്തിലിടിച്ച് 3 മരണം
പയ്യാവൂര്‍: കൊവിഡ് കാലത്ത് അടച്ചു പൂട്ടലിനിടെയുണ്ടായ അപകട മരണത്തില്‍ നടുങ്ങി പയ്യാവൂര്‍. പയ്യാവൂര്‍ സ്വദേശികളായ സഹോദരങ്ങളും ഡ്രൈവറുമടക്കം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്.
ചുണ്ടപ്പറമ്പിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്ന ബിജോയ്ക്ക് രക്തത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് സഹോദരിയുമായി പയ്യാവൂരിലെ മേഴ്‌സി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഞായറാഴ്ച്ചവരെ മേഴ്‌സിയില്‍ ചികിത്സയിലായിരുന്ന ബിജോയുടെ നിലവഷളായതിനെ തുടര്‍ന്നാണ് കുടുംബം അടിയന്തിര ചികിത്സ തേടി കണ്ണൂരിലേക്ക് പുറപ്പെട്ടത്. എത്രയും പെട്ടെന്ന് ബിജോയെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു കൂടെയുണ്ടായിരുന്നവര്‍. ഇതാകട്ടെ നാടിനെ നടുക്കിയ മൂന്നുപേരുടെ അന്ത്യയാത്രയുമായി.

തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് കണ്ണൂര്‍ - മട്ടന്നൂര്‍ സംസഥാന പാതയിലെ എളയാവൂരിലുണ്ടായ ആംബുലന്‍സ് അപകടം നാടിനെ നടുക്കിയത്. ഒരേസമയം
മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പയ്യാവൂരില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് റോഡരികിലെ ആല്‍മരത്തിലിടിച്ച് ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത്,പയ്യാവൂര്‍ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ(45) സഹോദരി രജിന(37) ആംബുലന്‍സ് ഡ്രൈവര്‍ ഒ.വി നിധിന്‍രാജ്(40) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബിജോയുടെ സുഹൃത്ത് ബെന്നിയെന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ പയ്യാവൂര്‍ വാതില്‍മട ഭൂതവാതില്‍മടയില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
അപകടം നടന്നയുടന്‍ നാട്ടുകാരെത്തിയെങ്കിലും മുന്‍വശം പൂര്‍ണമായും തകര്‍ന്നതിനാല്‍ ആംബുലന്‍സിനുള്ളിലുള്ളവരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കണ്ണൂരില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് മുന്‍വശം കുത്തിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പയ്യാവൂര്‍ മേഴ്‌സി ആശുപത്രിയില്‍ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.മൃതദേഹം കൊവിഡ് പരിശോധന നടത്തിയതിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45), രജിന (37) എന്നിവര്‍ ഏറെക്കാലമായി ചുണ്ടപ്പറമ്പില്‍ വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവരുടെ കുടുംബസുഹൃത്തുകൂടിയാണ്. ബെന്നി. ഇയാള്‍ ഗുരുതരവാസ്ഥയില്‍ ചികിത്സയിലാണ്. കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയിലെ എളയാവൂര്‍ സ്ഥിരം അപകടമേഖലകളിലൊന്നാണ് ഇവിടെ തന്നെയാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് റോഡരികിലെ ആല്‍ മരത്തില്‍ ഇടിക്കുകയായിരുന്നു.
Recommended Video
പയ്യാവൂര്‍ വാതില്‍ മട ഭൂതത്താന്‍ കോളനിയിലെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. പയ്യാവൂര്‍ മേഴ്‌സി ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബിജോയുടെ ജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലാണ് മരണത്തിന്റെ രൂപത്തില്‍ ഇവരെ തേടിയെത്തിയത്. മലയോരത്ത് വിദഗ്ദ്ധ ചികിത്സ തേടാന്‍ ആശുപത്രികളില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് പോകാമായിരുന്നുവെങ്കിലും അവിടെ കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications