വീണ്ടും അരിയില്‍ ഷുക്കൂര്‍ വധക്കേസ് ചര്‍ച്ചയാകുന്നു, കളളക്കേസില്‍ നേതാക്കളെ കുടുക്കിയെന്ന് സിപി എം
തളിപറമ്പ്: അരിയില്‍ ഷുക്കൂര്‍ വധക്കേസ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായതോടെ കോണ്‍ഗ്രസ്- സി. പി. എം നേതാക്കള്‍ തമ്മിലുളള വാഗ്വാദങ്ങളും പോര്‍വിളികളും തുടങ്ങി.
കണ്ണൂരില്‍ തിരുവനന്തപുരം സ്വദേശിയായകോണ്‍ഗ്രസ് നേതാവ് നടത്തിയ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സിപിഎം.

കെപിസി സി അധ്യക്ഷന്‍ കെ. സുധാകരന്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ചാണ് ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയതെന്ന കോണ്‍ഗ്രസ്സ് വക്താവ് ബി.ആര്‍.എം. ഷെഫീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തി നിരപരാധികളെ കുറ്റവിമുക്തരാക്കുകയും വ്യാജ തെളിവുണ്ടാക്കിയതിന്റെ പേരില്‍ സുധാകരന്റെ പേരില്‍ കേസെടുക്കുകയും വേണമെന്നും സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.
2012 ഫെബ്രുവരിയിലാണ് ഷുക്കൂര്‍ വധം നടന്നത്. പി. ജയരാജനും ടി.വി. രാജേഷും ഈ കേസില്‍ ആദ്യം പ്രതിയായിരുന്നില്ല. യുഡിഎഫ് ഭരിക്കുന്ന കാലമായതിനാല്‍ പോലീസിനെ സുധാകരന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 2012 ആഗസ്തില്‍ പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതിയാക്കിയത്.
ഇവര്‍ രണ്ടുപേരും ലീഗുകാരുടെ ആക്രമണത്തെ തുടര്‍ന്ന് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. അന്ന് പ്രതിയാക്കപ്പെട്ട 33 പേരും നിരപരാധികളാണ്. ഭരണകക്ഷി നേതാക്കള്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ചായിരുന്നു സിപിഐ(എം) നേതാക്കള്‍ക്കെതിരെ അന്ന് കേസെടുത്തത്.
ഷെഫീറിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്ന മറ്റൊരു കാര്യം പോലീസിലെ സുധാകരന്‍ അടക്കമുള്ളവരുടെ ഇടപെടല്‍ തന്നെയാണ്. അന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും പോലീസില്‍ അറിയിച്ചില്ലെന്ന കുറ്റം മാത്രമാണ് പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ചുമത്തിയത്.
2016ല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ പുതിയ സാക്ഷികളോ പുതിയ തെളിവുകളോ ഒന്നുമില്ലാതെ തന്നെ ഗൂഢാലോചന കുറ്റം ചുമത്തി. ഷെഫീറിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് പോലീസിനെ വിരട്ടിയാണ് സിപിഐ(എം) നേതാക്കളെ പ്രതിയാക്കിയതെങ്കില്‍ സിബിഐയുടെ മേല്‍ കെ. സുധാകരന്‍ ഡല്‍ഹിയിലടക്കം പോയി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നതില്‍ സംശയമില്ല.
ബിജെപിയുമായി സുധാകരനുള്ള ആത്മബന്ധം പലഅവസരങ്ങളിലായി ഇതിനകം മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഷെഫീറിന്റെ വെളിപ്പെടുത്തല്‍ പ്രകാരം സുധാകരന്‍ ചെയ്തത് വ്യാജ തെളിവുണ്ടാക്കുന്ന കുറ്റകൃത്യമാണ്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 11-ാം അധ്യായത്തിലെ 191 മുതല്‍ 195 വരെയുള്ള വകുപ്പുകളില്‍ വ്യാജ തെളിവുണ്ടാക്കി ഒരാളെ കുറ്റവാളിയാക്കി ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ ജീവപര്യന്തം വരെ ശിക്ഷ വിധിക്കാം.
ഷെഫീറിന്റെ വെളിപ്പെടുത്തലില്‍ സത്യസന്ധമായി തുടരന്വേഷണം നടത്തുകയും കെ. സുധാകരന്റെ പേരില്‍ വ്യാജ തെളിവുണ്ടാക്കിയതിന് കേസെടുക്കുകയും വേണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications