വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം; പരിയാരത്ത് നഴ്‌സിങ് അസിസ്റ്റ്ന്റ് മരിച്ചു
തളിപ്പറമ്പ്: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് അസിസ്റ്റ്ന്റ് മരണമടഞ്ഞു. വിഷം കഴിച്ചു ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ജന്മദേശമായ നടാലിലെ കോണ്‍ഗ്രസ് രക്തസാക്ഷി കല്ലാടന്‍ ചന്ദ്രന്റെ മകളാണ് കല്ലാടന്‍ ബീന.
നാലുപതിറ്റാണ്ടു മുന്‍പാണ് കെ.പി.സി. സി അധ്യക്ഷന്‍ കെ.സുധാകരന്റെ അടുത്ത അനുയായിയും അംഗരക്ഷകനുമായ കല്ലാടന്‍ ചന്ദ്രന്‍ നടാല്‍ പാലത്തിനടുത്തെ കണ്ടല്‍ക്കാടുകള്‍ക്കിടെയില്‍ മീന്‍പീടിക്കുന്നതിനിടെ കൊല്ലപ്പെട്ടത്.

വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച ബീന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യെ കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച്ച രാവിലെയാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ച അന്നുമുതല്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ബീന. മെഡിക്കല്‍ കോളേജിലെ ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഇരയാണ് ബീനയെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും ആരോപിച്ചിരുന്നു. രമേശനാണ് ഭര്‍ത്താവ്. ഏക മകൻ ആദര്‍ശ്.
അതേസമയം, നടാല്‍ സ്വദേശിനി കല്ലാടന്‍ ബീന സര്‍ക്കാര്‍ സമീപനത്തിന്റെ രക്തസാക്ഷിയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജു ആരോപിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ജീവനക്കാര്‍ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. കൃത്യമായി ശമ്പളം നല്‍കാതെയും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയും ജീവനക്കാരെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
2018 ല്‍ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം മുടങ്ങിയിരിക്കുകയാണ്. താഴേത്തട്ടിലെ ജീവനക്കാരുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ഓരോ മാസവും ശമ്പളത്തിന് സമരം ചെയ്യേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാലു വര്‍ഷമായി 12 ശതമാനം ഡിഎ യോ ആനുപാതികമായ ശമ്പള വര്‍ധനവോ ഇല്ല.
പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ സംഘടനകള്‍ പല തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.യു ഡി എഫ് ഭരണ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പരിയാരം മെഡിക്കല്‍ കോളേജിനോടുള്ള നിഷേധാത്മക സമീപനം തിരുത്തിയില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം ഈ വിഷയത്തില്‍ ഉണ്ടാകുമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പൂര്‍ണ പിന്തുണ നല്‍കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications