കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ വ്യാപക കരിങ്കൊടി, പതിനാറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഗവര്‍ണക്കെതിരെപരക്കെ കരിങ്കൊടി പ്രതിഷേധം. ഇരിട്ടിയിലും മട്ടന്നൂരിലും കരിങ്കൊടി പ്രതിഷേധം നടത്തിയ പതിനാറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. വിമാനത്താവള നഗരമായ മട്ടന്നൂര്‍ ടൗണില്‍ മാനന്തവാടിയില്‍ നിന്നും തിരിച്ചുവരികയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തിങ്കളാഴ്ച്ച വൈകിട്ട് വീണ്ടും എസ്.എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിനിടെയാക്കി.
മാനന്താവാടിയില്‍ നിന്നും കാട്ടനാ അക്രമത്തിനിരയായവരുടെ കുടുംബത്തിനെയും കര്‍ഷകരെയും സന്ദര്‍ശിച്ചതിനു ശേഷം തിങ്കളാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിവരുമ്പോഴാണ് റോഡരികില്‍ കരിങ്കൊടിയും ഗോബാക്ക് മുദ്രാവാക്യങ്ങളും പ്രതിഷേധ പോസ്റ്ററുകളുമായി കാത്തുനിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണത്.

അഞ്ചു മിനുട്ടോളം റോഡില്‍ നിര്‍ത്തി ഗവര്‍ണര്‍ കാറിന്റെ ചില്ലുതാഴ്ത്തി റോഡിലേക്ക് പ്രതിഷേധക്കാരുടെ ഇടയിലേക്ക് നടന്നു. തനിക്കു നേരെ വരാന്‍ അവരെ വെല്ലുവിളിച്ചു. തന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായാല്‍ താന്‍ വാഹനം നിര്‍ത്തി റോഡിലിറങ്ങുമെന്നും അതു തന്റെ നിലപാടാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ . അജിത്ത് കുമാര്‍ ഗവര്‍ണറുടെ സംരക്ഷകരായ സി. ആര്‍.പി. എഫ് എന്നിവരുടെ നേതൃത്വത്തില്‍ ആരിഫ് മുഹമ്മദ ഖാനെ അനുനയിപ്പിക്കുകയും കാറില്‍ കയറ്റി യാത്രപുനാരാരംഭിക്കുകയുമായിരുന്നു. ഞായറാഴ്ച്ച രാത്രി മട്ടന്നൂരില്‍ ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകുമ്പോള്‍ കരിങ്കൊടി കാണിച്ച പത്തു എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഇരിട്ടിയില്‍ കരിങ്കൊടി കാണിച്ച അഞ്ചു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
ഇരിട്ടിയില്‍ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് കരിവെളളൂര്‍ സ്വദേശിയായ വിഷ്ണുപ്രസാദ്(25) കോളിക്കടവ് സ്വദേശി അശ്വിന്‍(23) കീഴ്പ്പളളി സ്വദേശി ക്രിസ്റ്റഫര്‍ബാബു(24) പേരട്ട സ്വദേശി തേജസ് സി.രാജ് (18) കീഴൂര്‍ സ്വദേശി യദുകൃഷ്ണന്‍(21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ റോഡരികില്‍ നിന്നും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടിയത്. മട്ടന്നൂര്‍ - ഇരിട്ടി റോഡില്‍ നിന്നാണ് മട്ടന്നൂരില്‍ എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ വയനാട്ടിലേക്ക് പോവുകയായിരുന്ന ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചത്.
ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ കരിങ്കൊടി കാണിച്ചതിലും പിന്നീടുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പത്ത് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തത്.ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെയാണ് റോഡിലേക്ക് പ്രവര്‍ത്തകര്‍ ചാടിയിറങ്ങിയത്. ഇതു തടയുന്നതിനിടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ കൈയ്യാങ്കളിയുണ്ടായി. കസ്റ്റഡിയിലെടുത്തു വാഹനത്തില്‍കയറ്റിയ പ്രവര്‍ത്തകരെ പൊലിസ് പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചു വാഹനം തടയുകയും പൊലിസ് ബസില്‍ നിന്ന് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചു മോചിപ്പിക്കുകയുമായിരുന്നു.
ഗവര്‍ണറുടെ വാഹനം കടന്നുപോയ ശേഷമാണ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വയനാട്ടില്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെയും പാക്കത്ത് പോളിന്റെയും വീട്ടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശനം നടത്തിയത്. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ ഗവര്‍ണര്‍ പ്രദേശവാസികളില്‍ നിന്നും പരാതിയും സ്വീകരിച്ചു.












Click it and Unblock the Notifications