കണ്ണുർ സെൻട്രൽ ജയിൽ അന്തേവാസികൾ ഇനി ഫ്രീഡംനാച്വറൽ ഗ്യാസ് നൽകും: പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കണ്ണൂർ: കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് വകുപ്പ് ജയില്‍ അന്തേവാസികളുടെ പുനരധിവാസം മുന്‍നിര്‍ത്തി ഐഒഎജിയുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന വാഹനങ്ങള്‍ക്കുള്ള കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് (പ്രകൃതിവാതകം) ഫില്ലിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു.
കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പെട്രോള്‍ പമ്പിൽ ഒരുക്കിയ പ്രകൃതിവാതക ഫില്ലിംഗ് സ്റ്റേഷൻ (സിഎൻജി) ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജയിൽ മേധാവി, ഐഒസി, ഗെയിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലെ ദേശീയപാതയ്ക്ക് എതിര്‍വശമുള്ള പെട്രോള്‍ പമ്പിന് സമീപത്താണ് കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനായുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയത്. ഇതിനായി കംപ്രസര്‍, ഡിസ്പെന്സര്, കേയ്സ് കെയ്ഡ് എന്നിവ ഒരുക്കിയിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് വില 102 രൂപ കഴിഞ്ഞ സ്ഥാനത്ത് ഒരു കിലോ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് 63 രൂപയ്ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നേട്ടത്തിനൊപ്പം പ്രകൃതിക്ക് ദോഷം കുറവാണ് എന്നതും പ്രകൃതിവാതകത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. വാഹന മെയിന്റനന്‍സും കുറവായിരിക്കും.

നിലവില്‍ എറണാകുളത്തുനിന്ന് ലോറിയില്‍ വലിയ ടാങ്കറിലാണ് സെന്‍ട്രല്‍ ജയിലിലെ ഫില്ലിംഗ് സ്റ്റേഷനില്‍ ഗ്യാസ് എത്തിക്കുക. കണ്ണൂരില്‍ ഡിപ്പോ സ്ഥാപിക്കുന്നതോടെ പിന്നീട് ഇവിടെനിന്നുതന്നെ വാതകം എത്തിക്കാനാകും. ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ നേരിട്ട് പൈപ്പ് ലൈന്‍ വഴി ഫില്ലിംഗ് സ്റ്റേഷനില്‍ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് ലഭ്യമാകും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കം സംസ്ഥാനത്തെ ജയിലുകളില്‍ പെട്രോള്‍ പമ്പുകളും അതിനുപിന്നാലെ കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ് സംവിധാനവും ഒരുക്കുന്നത് ജയിൽ അന്തേവാസികൾക്കുള്ള ജോലിസാധ്യത വർധിപ്പിക്കും. ഒരു കിലോ ഗ്യാസിന് നിശ്ചിത രൂപ എന്ന നിരക്കില്‍ ജയില്‍ വകുപ്പിന് ഐഒഎജിയിൽനിന്ന് കമ്മീഷനാണ് ലഭിക്കുക
സി എൻ ജിക്ക് പെട്രോളിനെ അപേക്ഷിച്ച് മലിനീകരണം കുറവാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു കാലഘട്ടത്തിനനുസരിച്ച് നാം മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഒരു കാലത്ത് നടപ്പാക്കാൻ കഴിയില്ലെന്ന് പലരും പ്രഖ്യാപിച്ച ഗെയിൽ പദ്ധതിയടക്കം പൂർത്തിയായത് സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കോര്പറേഷന് മേയര്‍ അഡ്വ. ടി ഒ മോഹനന് അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎല്‍എ, പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജയിൽ സൂപ്രണ്ട് റോമിയോ ജോൺ, തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications