ഞങ്ങൾ പോകുന്നു, ഇനി അന്വേഷിക്കണ്ടെന്ന് വാട്സാപ്പ് സന്ദേശം; കണ്ണൂരിൽ ദമ്പതികളെ കാണാനില്ലെന്ന് പരാതി
കണ്ണൂർ∙ പാനൂരിൽ ദമ്പതികളെ കാണാനില്ലെന്ന് പരാതി. താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കാണാതായത്. തലശേരിയിൽ ഇവർ നടത്തിയിരുന്ന ഫർണീച്ചർ കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാൻ നഗരസഭ നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കാണാതായത്.
സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണം എന്നു കാണിച്ചാണ് തലശേരി നഗരസഭ ആദ്യം നോട്ടിസ് നൽകിയത്. പിഴയടയ്ക്കാത്തതിനെ തുടർന്നു സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. തവണകളായി പിഴ അടയ്ക്കാനും കോടതി നിർദേശം നൽകി.

എന്നാൽ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നു നിഷേധാത്മക നിലപാടാണ് ഉണ്ടായതെന്നും ഞങ്ങൾ പോകുന്നെന്നും ഞങ്ങളെ ഇനി അന്വേഷിക്കണ്ടയെന്നും രാജ് കബീർ കടയിലെ മാനേജർക്കു വാട്സാപ് സന്ദേശം നൽകി. ചൊവ്വാഴ്ച വൈകിട്ട് കടയുടെ മുന്നിൽനിന്നും ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സൂപ്പർമാർക്കറ്റിൽ പോകുകയാണെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ തിരിച്ചെത്താത്തതിനെ തുടർന്നു പാനൂർ പൊലീസ് കേസെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇരുവരുടെയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം
അതേസമയം, ദമ്പതികളുടെ കട പൂട്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്നു തലശേരി നഗരസഭാ അധ്യക്ഷ ജമുന റാണി പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കുകയും കോടതിയിട്ട പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ആദ്യ ഗഡു അടച്ചിതിനാൽ കട തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നതായും നഗരസഭാ അധ്യക്ഷ പറഞ്ഞു..












Click it and Unblock the Notifications