കണ്ണൂരിൽ ആരോഗ്യ പ്രവർത്തകർക്കിടെയിൽ കൊവിഡ് പടരുന്നു
തളിപ്പറമ്പ്: കൊവിഡ് മഹാമാരിക്കെതിരെ പടപൊരുതി കൊണ്ടിരിക്കുന്ന മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് വൈറസ് രോഗം വ്യാപകമായി പടരുന്നത് ആശങ്കയുണ്ടാക്കുന്നു. കണ്ണുരിലാണ് ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നത്. ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് പോസറ്റീവ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും ശക്തമാണ്. ഒന്നും രണ്ടും കോവിഡ് തരംഗത്തിൽ ജില്ലയിൽ കോവിഡ് ബാധിച്ചത് 424 ഡോക്ടർമാർക്കാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പറയുന്നത്.
അലോപ്പതി വിഭാഗത്തിൽ മാത്രം 305 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ ഒരു ഡോക്ടർ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു. കണ്ണൂർ ചെറുകുന്നിലെ ഡോ. വിജയനാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. കൂടാതെ 65 ദന്തൽ ഡോക്ടർമാരെയും കോവിഡ് പിടികൂടി.
31 ആയുർവേദ ഡോക്ടർമാർക്കും കോവിഡ് ബാധിച്ചു. ഇതുകൂടാതെ 21 ഹോമിയോ ഡോക്ടർമാർക്കും യുനാനി ചികിത്സ നടത്തുന്ന ഒരാൾക്കും പ്രകൃതിചികിത്സ നടത്തുന്ന ഒരു വൈദ്യനും കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കിൽ പറയുന്നു.

കോവിഡ് ബാധിച്ചവർ ഏറെപ്പേരും സുഖം പ്രാപിച്ചു. ഇതിൽ പല ഡോക്ടർമാരും വീടുകളിൽ തന്നെയാണ് ചികിത്സ നടത്തിയത്. കോവിഡ് ബാധിച്ച മറ്റ് ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ് തരംഗങ്ങളിൽ എല്ലാവിഭാഗം ആളുകളിലും രോഗം പടർന്നുപിടിച്ചെങ്കിലും കൂടുതൽ ഡോക്ടർമാർക്ക് രോഗം പിടികൂടുന്നത് ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ വിലയിരുത്തൽ.
കോവിഡ് കൂടുതൽ വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ മരണനിരക്ക് കുറയ്ക്കാൻ ഡോക്ടർമാരുടെ സേവനം അത്യാവശ്യമാണെന്നാണ് ഐ.എം.എ ഭാരവാഹികൾ പറയുന്നത്. ഇതിനായി ആരോഗ്യപ്രവർത്തകരുടെ രണ്ടാംനിര തയാറാകണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരിൽ രോഗബാധയുണ്ടാകുകയും അവർ ക്വാറന്റൈനിൽ പോകുകയും ചെയ്താൽ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടാകും.
ഇത് ഒഴിവാക്കാൻ ഇപ്പോൾ സേവനരംഗത്തുള്ളവരിൽ ചെറിയൊരു ശതമാനത്തിന് അവധി നൽകണം. ഇവരെ താത്കാലികമായി വീടുകളിൽ ഇരുത്തണം. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധയുണ്ടാകുമ്പോൾ അത്യാവശ്യമായി ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ക്ഷാമം ഉണ്ടാകുന്പോൾ ഇവരെ തിരികെ വിളിക്കാവുന്നതാണ്.
ഇത് കോവിഡ് വ്യാപനത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശിക്കുന്നത്. ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ഇത്രയും ആരോഗ്യപ്രവർത്തകരെ നിർത്തേണ്ടതില്ല.
രണ്ടാം നിരയിൽ ശക്തമായി ആരോഗ്യപ്രവർത്തകരെ തയാറാക്കുകയാണു വേണ്ടതെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ വിദഗ്ധാഭിപ്രായം.എന്നാൽ ജില്ലയിലെ കൊ വിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് മുഴുവൻ രണ്ടുവട്ടം കൊ വിഡ് വാക്സിൻ നൽകിയത് ആശ്വാസകരമാണെന്ന വിലയിരുത്തലുമുണ്ട്. ഡോക്ടർമാരെയും നഴ്സുമാരെയും കൂടാതെ ആശുപത്രികളിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഫീൽഡിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർക്കും രോഗബാധ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഇവർ.












Click it and Unblock the Notifications