ചരിത്രത്തിന്റെ വഴിയിൽ പയ്യന്നൂർ: ഗാന്ധി സ്മൃതി മന്ദിരം മന്ത്രി നാടിന് സമർപ്പിക്കും
കണ്ണൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിർണായമായ സംഭവ വികാസങ്ങൾക്ക് സാക്ഷിയായ ഗാന്ധി സ്മൃതി മ്യുസിയം ഇനി ചരിത്ര വിദ്യാർത്ഥികൾക്ക് അറിവു പകരും. പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സംരക്ഷിത ചരിത്രസ്മാരകമാക്കിയ പയ്യന്നൂരിലെ പഴയ പോലീസ് സ്റ്റേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയത്തിന്റെ ഉദ്ഘാടനം 16ന് വൈകുന്നേരം നാലിന് മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും.
1910ല്‍ ഇന്തോ-യൂറോപ്യന്‍ ശൈലയില്‍ നിര്‍മിച്ച കെട്ടിടം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ പൊളിച്ചു നീക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നതാണ്. എന്നാല്‍ ദേശസ്നേഹികളുടെ എതിര്‍പ്പുയര്‍ന്നതോടെ സംസ്ഥാന പുരാവസ്തു വകുപ്പ് ചരിത്ര പൈതൃകമന്ദിരമായി മാറ്റുകയായിരുന്നു. 1.25 കോടി രൂപ ചെലവില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ചരിത്ര പൈതൃക മന്ദിരം 2018 ജൂണ്‍ 29ന് ഉദ്ഘാടനം ചെയ്തിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഒട്ടേറെ കഥകൾ പറയാനുണ്ട് ഈ കെട്ടിടത്തിന്.

പയ്യന്നൂരിലെ സ്വാതന്ത്ര്യസമര സേനാനികള്‍ കാവല്പ്പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുന്നിലുയര്‍ത്തിയ ബ്രിട്ടീഷ് പതാക വലിച്ചുതാഴ്ത്തി ദേശീയപതാക ഉയര്‍ത്തിയ സംഭവം ഇന്ത്യന്‍ സാതന്ത്ര്യസമരത്തിന് പുതു വീര്യമാണ് പകര്‍ന്നത്. സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് ഇവിടത്തെ ജയിലറകളില്‍നിന്നും ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു. ജന്മിത്വത്തിനെതിരെയുയര്ന്ന 1946ലെ കരിവെള്ളൂര്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്തവരേയും 1948ലെ കോറോം കര്‍ഷകസമരത്തില്‍ പങ്കെടുത്തവരേയും ജീവച്ഛവങ്ങളാക്കിയതും ഇതേ തടവറകളിലായിരുന്നു.
പത്ത് സെല്ലുകള്‍,നടുമുറ്റം,നാല് മുറികള്‍ എന്നിവയുള്‍പ്പെടുന്ന 110 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇപ്പോള്‍ 2.44 കോടി ചെലവില്‍ ഗാന്ധിസ്മൃതി മ്യൂസിയമായി മാറുന്നത്. രണ്ടാം ബര്ദോളിയെന്നറിയപ്പെടുന്ന പയ്യന്നൂരിലെ ഗാന്ധിജിയുടെ ഓര്‍മകള്‍ തുടിക്കുന്ന വസ്തുക്കളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുള്ള ചിരിത്രങ്ങളും അത്യപൂര്‍വ ചിത്രങ്ങളും പുരാവസ്തു- പുരാരേഖ വകുപ്പുകളുടെ സഹകരണത്തോടെ ഇവടെ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ ഈ കെട്ടിടത്തിന്റെ ചുമരുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഉളിയത്തുകടവിലെ ഉപ്പുസത്യാഗ്രഹ ചരിത്രം, നിണമണിഞ്ഞ സ്വാതന്ത്ര്യസമര മൂഹൂര്‍ത്തങ്ങൾ, ചര്‍ക്ക,ത്രാസ്, അരവുകല്ല് തുടങ്ങിയ ഉപകരണങ്ങളും, ഗാന്ധിജിയുടെ അത്യപൂര്‍വ ചിത്രങ്ങളും ഇവിടെയുണ്ട്.
നിരായുധരായി സമര സേനാനികൾ സായുധസേനയോട് ഏറ്റുമുട്ടുന്ന ദൃശ്യാവിഷ്കാരം ഇരുമ്പുതകിടിലാണ് മ്യൂസിയത്തിലൊരുങ്ങുന്നത്. പ്രൊജക്ടറുകളുള്പ്പെടെയുള്ള വിപുലമായ സ്റ്റുഡിയോ സംവിധാനവുമുണ്ട്..പൗരാണിക നിര്‍മാണ രീതികള്‍ക്ക് കോട്ടം തട്ടാത്ത രീതിയില്‍ പുനരുദ്ധരിച്ച കെട്ടിടത്തില്‍ ഒരുക്കിയ ദൃശ്യങ്ങള്‍ക്ക് എല്‍ഇഡിയുടെ ദീപപ്രഭ മാറ്റുകൂട്ടും.
പയ്യന്നൂരിലെ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഉളിയത്ത് കടവ്, ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവ്, ഖാദി കേന്ദ്രം തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന ഗാന്ധി സൈറ്റ് മ്യൂസിയം രണ്ടാംഘട്ടമായി സ്ഥാപിക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.












Click it and Unblock the Notifications