ആത്മഹത്യാ കുറിപ്പ്; തളിപ്പറമ്പ സിപിഎം എംഎല്‍എ കുടുങ്ങും
കണ്ണൂര്‍: ആത്മഹത്യ ചെയ്ത അദ്ധ്യാപകന്റെ കുറിപ്പില്‍ പേരുള്ള തളിപ്പറമ്പ എംഎല്‍എ ജെയിംസ് മാത്യു പ്രതിസന്ധിയില്‍. തന്റെ ആത്മഹത്യയ്ക്ക് കാരണമായത് എംഎല്‍എയും മറ്റൊരു അദ്ധ്യാപകനുമാണെന്ന് എഴുതിവെച്ച് തളിപ്പറമ്പ ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്ററാണ് തൂങ്ങിമരിച്ചത്. ആത്മഹത്യാ കുറിപ്പ് പ്രകാരം എംഎല്‍എയ്‌ക്കെതിരെ കേസുക്കേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്.
എംഎല്‍എ അഴിമതിക്ക് പ്രേരിപ്പിച്ചു എന്ന കാരണം കൂടി ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാല്‍ പാര്‍ട്ടിക്കകത്തും പുറത്തും അദ്ധ്യാപകന്റെ ആത്മഹത്യ വന്‍ വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. ടാഗോര്‍ സ്‌കൂളിനായി അനുവദിച്ച 2 കോടി രൂപയില്‍ എംഎല്‍എ ഇരുപത് ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്നാണ് അദ്ധ്യാപകന്റെ കുറിപ്പിലുള്ളത്. അതായത് 40 ലക്ഷം രൂപ കമ്മീഷന്‍.

ഒരു അദ്ധ്യാപകന്‍ വഴിയാണ് എംഎല്‍എ തുക ആവശ്യപ്പെട്ടതെന്നും എന്നാല്‍ അഴിമതിക്ക് വിസമ്മതിച്ചതിനാല്‍ തനിക്കെതിരെ ഭീഷണി ഉണ്ടാവുകയായിരുന്നെന്നും അദ്ധ്യാപകന്‍ പറയുന്നു. ഇരുപത് ശതമാനം കമ്മീഷന്‍ അനുവദിക്കാത്തിതിനെ തുടര്‍ന്ന് ഒരു യോഗത്തില്‍ അദ്ധ്യാപകന്‍ തനിക്കെതിരെ കൈയ്യേറ്റത്തിന് മുതിര്‍ന്നെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അദ്ധ്യാപകന്റെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ജെയിംസ് മാത്യു എംഎല്‍എ പ്രതികരിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നുറപ്പാണ്. മണ്ഡലത്തില്‍ ജനകീയ ഇടപെടലിലൂടെ പേരെടുത്ത എംഎല്‍എ ആണ് ജെയിംസ് മാത്യു. മികച്ച എംഎല്‍എയെ തെരഞ്ഞെടുക്കാനുള്ള ഒരു ചാനല്‍ സര്‍വെയില്‍ അവസാന റൗണ്ടില്‍ ഇടംപിടിച്ചിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് അധികനാള്‍ ബാക്കിയില്ലാതിരിക്കെ ഒരുവട്ടം കൂടി എംഎല്‍എ ആകാനുള്ള ജെയിംസ് മാത്യുവിന്റെ സാധ്യതകൂടി ഇല്ലാതാക്കുന്നതാണ് ഇപ്പോഴുണ്ടായ ആരോപണം.












Click it and Unblock the Notifications