കടലാക്രമണം രൂക്ഷം: കണ്ണുരിൽ പയ്യാമ്പലം ഉൾപ്പെടെയുള്ള നാല് ബീച്ചുകൾ തകർന്നു
കണ്ണൂർ:രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയിൽ കണ്ണൂരിൽ വ്യാപക നാശം. വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭവും അനുഭവപ്പെട്ടു. പയ്യാമ്പലം, മുഴപ്പിലങ്ങാട്, അഴീക്കൽ ചാൽ, മാട്ടൂൽ ചൂട്ടാട് ബീച്ചുകൾ കടലേറ്റത്തിൽ പൂർണ്ണമായും തകർന്നു.വടക്കെ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പയ്യാമ്പലത്ത് ആഞ്ഞടിച്ച തിരമാലയിൽ മണൽത്തിട്ടകൾ ഒലിച്ചു പോയി.
കടലായി, സിറ്റി, തയ്യിൽ, ആയിക്കര, പള്ളിയാമ്മൂല, നീർച്ചാൽ, മൈതാനപ്പള്ളി ഭാഗത്തും കനത്ത തിരമാലയടിച്ചു. മൈതാനപ്പള്ളി ശ്മശാന ഭാഗത്ത് വേലിയേറ്റ സമയത്ത് അതിശക്തമായ തിരയിൽ കടൽ ഭിത്തി തകർന്നു. കണ്ണൂർ കോർപറേഷൻ മേയർ ടിഒ.മോഹനൻ, ഡെപ്യുട്ടി മേയർ കെ. ഷബാന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ.മോഹനൻ, ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനിരാജ്യസഭാംഗം ഡോ.വി.ശിവദാസൻ, നിയുക്ത എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിന്റ് പി.പി.ദിവ്യ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കടൽ തീരത്തേക്ക് ആളുകൾ കയറുന്നത് പൊലിസ് വിലക്കിയിട്ടുണ്ട്.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലും ശക്തമായ കടൽ ക്ഷോഭത്തിൽ
തീരത്ത് കനത്ത നാശനഷ്ടമുണ്ടായി. ബീച്ചിനോടു ചേർന്നുള്ള തെങ്ങും മറ്റു വൃക്ഷങ്ങളും കടപുഴകി. ഡ്രൈവ് ഇൻ ബീച്ച് കഴിഞ്ഞും തിരകൾ ഉയർന്നാൽ തീരദേശ റോഡിലേക്കും ജനവാസ കേന്ദ്രത്തിലേക്കും കടൽ കയറുമെന്ന ആശങ്കയിലാണ് ജനം. ഏത് സമയവും മാറി താമസിക്കാമെന്ന നിലയിൽ പ്രദേശവാസികൾ ജാഗ്രതയിലാണ്. കിഴുന്ന, ഏഴര കടപ്പുറങ്ങളും കടൽ ക്ഷോഭത്തിലാണ്. കൂറ്റൻ തിരമാലകൾ ഇവിടെയും വീശിയടിക്കുകയാണ്.
കടലാക്രമണ ഭീഷണിയെ തുടർന്ന് അഴീക്കോട് നീർക്കടവിൽ തീരത്തെ വള്ളങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. അഴീക്കലിൽ സ്ഥിരമായി കടൽക്ഷോഭം അനുഭവപ്പെടുന്ന ലൈറ്റ് ഹൗസ് പ്രദേശത്തും കടലാക്രമണം നേരിയ തോതിലുണ്ടായി. ബേപ്പൂരിൽ നിന്നു പുറപ്പെട്ട് എത്തിയ രണ്ട് മത്സ്യബന്ധന ബോട്ടുകൾ കടൽ ക്ഷോഭത്തെ തുടർന്ന് അഴീക്കൽ ഹാർബറിൽ കയറ്റി. പയ്യന്നൂർ പാലക്കോട് വലിയ കടപ്പുറത്തും എട്ടിക്കുളം ബീച്ചിലും കടലാക്രമണം രൂക്ഷമാണ്.
വലിയ കടപ്പുറത്തു കടൽക്കരയിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോട്ടുകൾ കടലാക്രമണത്തിന് ഇരയായി. മത്സ്യത്തൊഴിലാളികൾ എത്തിയാണ് ബോട്ടുകൾ വീണ്ടും കരയ്ക്കടുപ്പിച്ചത്. കടലേറ്റത്തെ തുടർന്ന് അഴിമുഖം വഴി പാലക്കോട് പുഴയിൽ വെള്ളം ഉയർന്നു. ഇതു മൂലം പാലക്കോട് ഫിഷ് ലാൻഡിങ് സെന്ററിലും മറ്റും സൂക്ഷിച്ച ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. മാടായി, മാട്ടൂൽ പഞ്ചായത്തുകളിലും കടലേറ്റം രൂക്ഷമാണ്.
മാട്ടൂൽ തങ്ങളെ പള്ളിച്ചാൽ, കോൽക്കാരൻചാൽ, മാടായി നീരൊഴുക്കും ചാൽ, കക്കാടൻ ചാൽ, പുതിയങ്ങാടി ചൂടാട്, പുതിയ വളപ്പ് എന്നിവിടങ്ങളിൽ കടൽ ക്ഷോഭമുണ്ട്. രണ്ട് പഞ്ചായത്തുകളിൽ കടലോര നിവാസികളിൽ കോവിഡ് പോസിറ്റീവ് ആയവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തലശ്ശേരിയിൽ കടലാക്രമണം രൂക്ഷമായതിനെ തുടർന്നു കൊടുവള്ളി മണക്കാദ്വീപ് പ്രദേശത്തു നിന്നു 2 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തലായി തീരദേശ പൊലീസ് സ്റ്റേഷൻ മുതൽ പെട്ടിപ്പാലം വരെ കടലേറ്റം രൂക്ഷമാണ്. ചാലിൽ ഇന്ദിരാഗാന്ധി പാർക്കിനു സമീപത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ,












Click it and Unblock the Notifications