കൊവിഡ് 19 രോഗവ്യാപനം കൂടുന്നു: ഐസോലഷൻ വാർഡുകളുമായി കണ്ണൂരിലെ ആശുപത്രികൾ സജ്ജമായി!!
കണ്ണൂർ: കൊവിഡ്- 19 വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ കണ്ണൂരിലെ സർക്കാർ. സ്വകാര്യ ആശുപത്രികൾ ഐസോലേഷൻ വാർഡുകളുമായി സജ്ജമായി. പരിയാരത്തുള്ള കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലാണ്. കൊവി ഡോ രോഗികൾക്കായുള്ള പ്രധാന കേന്ദ്രമായി സജ്ജികരിച്ചിരിക്കുന്നത്. ഇവിടുന്നുള്ള മെഡിക്കൽ വിദഗ്ദ്ധരുടെ സംഘമാണ് മറ്റിടങ്ങളിലെ ചികിത്സാ സംവിധാനങ്ങൾക്ക് നിർദ്ദേശം നടത്തുക.
കണ്ണൂർ ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് തലശേരി, തളിപ്പറമ്പ് താലൂക്ക് ജനറൽ ആശുപത്രികൾ എന്നിവയും തുടക്കത്തിൽ ഐസോലേഷൻ വാർഡുകളുമായി ഏതു സാഹചര്യം നേരിടാനും സന്നദ്ധമാണ്. രണ്ടാം ഘട്ടത്തിൽ ജില്ലയിലെ ആയുർവേദ,സ്വകാര്യ ആശുപത്രികൾ എന്നിവടങ്ങളിലും വാർഡുകൾ സജ്ജമാക്കും.

പുതിയ സജ്ജീകരണങ്ങൾ
കോറോണ രോഗബാധ സംശയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഏഴാംനിലയിലെ സ്പെഷ്യല്‍ വാര്‍ഡുകള്‍ക്കുപുറമെ ജനറല്‍ വാര്‍ഡുകളും പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട്. സ്പെഷ്യല്‍ വാര്‍ഡുകളിലെ 70 റൂമുകളും 803 ലെ 14 റൂമുകളും രോഗികളെക്കൊണ്ടു നിറഞ്ഞതോടെയാണ് ജനറല്‍ വാര്‍ഡുകളും ഒഴിപ്പിച്ചത്. ഇപ്പോള്‍ ഏഴാംനില മുഴുവനായി 300 ബെഡുകള്‍ കോവിഡ് ബാധിതര്‍ക്ക് മാത്രമായി മാറ്റിയിട്ടുണ്ട്.

ഡോക്ടർമാരുടെ സംഘം
കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകളില്‍നിന്ന് പുതിയ നിരവധി പേര് രോഗബാധിതരെന്ന സംശയത്തോടെ എത്തിച്ചേരുന്നുണ്ട്. ഇന്നലെ മുതല്‍ ഡോക്ടര്‍മാരെ കോവിഡ്-നോണ്‍കോവിഡ് വിഭാഗമായി തരംതിരിച്ചു 15 പേരുടെ സംഘമായിട്ടാണ് ഒരുക്കിനിര്ത്തിയിരിക്കുന്നതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ സുദീപ് അറിയിച്ചു. കോവിഡ് ബാധിതരെയും നിരീക്ഷണത്തിലുള്ളവരേയും കോവിഡ് വിഭാഗത്തിനു മാത്രമായി നിശ്ചയിച്ച ഡോക്ടര്‍മാരുടെ ടീമായിരിക്കും പരിശോധിക്കുക.

യാത്രാ സൌകര്യം
നോണ്‍ കോവിഡ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മറ്റു രോഗികളേയും പരിശോധിക്കും. കെഎസ്ആര്‍ടിസി-സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും നിലച്ചതോടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നു മെഡിക്കല്‍ കോളജിലെത്തുന്ന ജീവനക്കാരെ വീട്ടിലേക്കും ആശുപത്രിയിലേക്കും എത്തിക്കുന്നതിന് പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ മുതല്‍ ഈ ആവശ്യത്തിനായി ബസുകള്‍ ഏര്‍പ്പെടുത്താനാണു നിര്‍ദേശം. പയ്യന്നൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍, ശ്രീകണ്ഠപുരം, ഇരിട്ടി, തലശേരി ഭാഗങ്ങളിലേക്കാണ് ബസുകള്‍ ഏര്‍പ്പെടുത്തുന്നത്.

എംസിസിയിൽ ലാബ്
വൈറസ് ക്ലിനിക്കല്‍ പരിശോധനകള്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ചത് സൗകര്യപ്രദമായിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ സാമ്പിളുകളുടെ എണ്ണം വര്‍ധിച്ചതോടെയാണു തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ വൈറോളജി ലാബ് ആരംഭിച്ചിരിക്കുന്നത്. ഈ മാസം 31 നകം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും ലാബ് സൗകര്യം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിസള്‍ട്ട് പെട്ടെന്നു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെത്തന്നെ ലാബ് ആരംഭിക്കുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ കോവിഡ് പരിശോധനയ്ക്കുള്ള വൈറോളജി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ലാബാണ് ഇതിനായി സജ്ജമാക്കിയത്. മറ്റു പരിശോധനകള്‍ ഈ ലാബില്‍ ചെയ്യില്ല. അഞ്ചംഗ സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ലാബ് ജീവനക്കാർക്ക് താമസ സൌകര്യം
ലാബ് ജീവനക്കാർ എംസിസിയില്‍ താമസിച്ച് ജോലിചെയ്യുമെന്ന് എംസിസി ഡയറക്ടര്‍ ഡോ. സതീശന് ബാലസുബ്രഹ്മണ്യം അറിയിച്ചു. എംസിസിയില്‍ ജീവനക്കാരുടെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഒരുവിഭാഗം ജീവനക്കാര്‍ നാലു ദിവസത്തേക്ക് മാറിനിൽക്കും. നിയന്ത്രണം ഫലപ്രദമായാല്‍ ഇത് 31 വരെ തുടരും. അടിയന്തര ആവശ്യമുള്ള ചികിത്സയ്ക്കും പുതിയ രോഗികളുടെ പരിശോധയ്നക്കും മുടക്കമില്ല. കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ യാത്ര പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നും രോഗികള്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുമായി ഫോണില്‍ ബന്ധപ്പെട്ട് സംശയനിവാരണം വരുത്താന്‍ സംവിധാനമുണ്ടെന്നും അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും കാൻസർ സെന്റർ ഡയറക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications