ആള്‍മാറാട്ടക്കേസില്‍ ബിട്ടി മൊഹന്തി ഫെബ്രുവരി 25ന് ഹാജരാകണമെന്ന് കോടതി
പയ്യന്നൂര്‍: ആള്‍മാറാട്ടം നടത്തി മാടായി എസ്ബിടി ബാങ്ക് ശാഖയില്‍ ജോലി സമ്പാദിച്ച കേസില്‍ ബിട്ടി മൊഹന്തി ഫെബ്രുവരി 25-ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. രാഘവ് രാജെന്ന ബിട്ടി മെഹന്തിയുടെ ആള്‍മാറാട്ട കേസ് ചൊവ്വാഴ്ച്ച പരിഗണിച്ചപ്പോഴാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കോടതി ബിട്ടി മൊഹന്തി പ്രതിയായ കേസ് പരിഗണിച്ചത്. ബിട്ടി മൊഹന്തിക്ക് ഹാജരാകാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാണിച്ചു അഭിഭാഷകന്‍ നിക്കോളാസ് ജോസഫ് അവധിയപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ഫെബ്രുവരി 25ന് കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവിട്ടത്.

എസ്ബിടി പഴയങ്ങാടി മാടായി ശാഖയില്‍ പ്രബോഷണറി ഓഫീസറായി ജോലി ചെയ്യുന്നതിനിടെയില്‍ പിടിയിലായ രാഘവ് രാജ് ആള്‍വാറില്‍ ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിട്ടി മൊഹന്തിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തി പൊലിസ് കേസെടുത്തത്.
എന്നാല്‍ തങ്ങള്‍ പിടികൂടിയത് ബിട്ടി മൊഹന്തിയാണെന്നു തെളിയിക്കാന്‍ പൊലിസിന് സാധിക്കാതെ വന്ന സാഹചര്യത്തില്‍ ആള്‍വാര്‍ പീഡനക്കേസിന്റെ ശിക്ഷാകാലവാധി പൂര്‍ത്തികരണത്തിനായി കോടതി രാജസ്ഥാന്‍ പൊലിസിന് വിട്ടുകൊടുക്കുകയായിരുന്നു.അതിനു ശേഷമാണ് ആള്‍മാറാട്ട കേസ് കോടതി ഇപ്പോള്‍ വീണ്ടും പരിഗണിക്കുന്നത്. ജയ്സ്വാള്‍ മുന്‍ ഡിജിപിയുടെ മകനായ ബിട്ടി മൊഹന്തി ഇപ്പോള്‍ ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയാണ്.
സഹപ്രവര്‍ത്തകയായ ജര്‍മന്‍ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് നേരത്തെ ബിട്ടിയെ പിടികിട്ടാപ്പുളളിയായി കോടതി പ്രഖ്യാപിച്ചത്. ജര്‍മന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലിസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയ കേസില്‍ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് ബിട്ടി പരോളിലിറങ്ങി മുങ്ങിയത്.
ഇതിനു ശേഷമുണ്ടായ കണ്ണൂരിലെ ആള്‍മാറാട്ടക്കേസ് ദേശീയമാധ്യമങ്ങളില്‍ പോലും വലിയ വാര്‍ത്തയായിരുന്നു. പഴയങ്ങാടി പൊലിസ് അന്നത്തെ ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ അക്കത്തിന്റെ അടിസ്ഥാനത്തില്‍ മാടായി ശാഖയില്‍ നിന്നും ബിട്ടി മൊഹന്തിയെ പിടികൂടിയത്.












Click it and Unblock the Notifications