നിക്ഷേപ തട്ടിപ്പ് കേസ്; റോയൽ ട്രാവൻകൂർ കമ്പനി ഉടമ രാഹുൽ ചക്രപാണിക്ക് ജാമ്യം അനുവദിച്ചു
കണ്ണൂര്‍:സംസ്ഥാനമാകെ ശാഖകളുളള റോയല്‍ ട്രാവന്‍കൂര്‍ അഗ്രികള്‍ച്ചര്‍ ഫാമിങ് സൊസൈറ്റിയെന്ന ധനകാര്യസ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ രാഹുല്‍ ചക്രപാണിക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തരണ്ടു കേസുകളിലും പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കും.
നിക്ഷേപകര്‍ക്ക് എല്ലാം പണം തിരികെ നല്‍കാന്‍ സംവിധാനമുണ്ടാക്കുമെന്ന് കമ്പിനി ഉറപ്പുനല്‍കിയിട്ടുണ്ട്. രാഹുല്‍ചക്രപാണിയെ അറസ്റ്റു ചെയ്തതോടെ വിവിധ സ്‌റ്റേഷനുകളില്‍ നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളിന് എതിര്‍വശത്തെ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍ വെച്ചാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലും ജില്ലയ്ക്കു പുറത്തും രാഹുല്‍ ചക്രപാണിക്കെതിരെ നിക്ഷേപ തട്ടിപ്പു നടത്തിയതിന് പരാതികളുണ്ട്. അരോളി സ്വദേശി ഇ.കെ മോഹനനില്‍ നിന്നും പത്തുലക്ഷംരൂപയും കണ്ണൂക്കര സ്വദേശി നിഥിനില്‍ നിന്നും 3,76,000 രൂപ നിക്ഷേപമായി സ്വീകരിച്ചു മുതലും പലിശയും മടക്കികൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലുമാണ് രാഹുല്‍ ചക്രപാണിക്കെതിരെ നിലവില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തത്. എന്നാല്‍ ഇയാള്‍ക്കെതിരെ നിരവധി നിക്ഷേപകര്‍ പോലിസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളില്‍ ഇതില്‍ പോലീസ് കേസെടുത്തേക്കും.
നിക്ഷേപതുക അവധിയെത്തിയിട്ടും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വെളളിയാഴ്ച്ച ഉച്ചയ്ക്ക് കൂട്ടത്തോടെ രാഹുല്‍ ചക്രപാണിയുടെ ഓഫീസിലെത്തുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന രാഹുല്‍ചക്രപാണി പണത്തിന് അവധിപറഞ്ഞു നിക്ഷേപകരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഒടുവില്‍ ബഹളമുണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണം തിരികെ ലഭിക്കാനുളളവര്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മിക്കസ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. നിശ്ചിതതുക നിക്ഷേപമായി ആളുകളെ കൊണ്ടു സ്ഥാപനത്തില്‍ അടപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇവിടെ ജീവനക്കാരെ നിയമിച്ചിരുന്നത്.
സംസ്ഥാനത്താകെ എണ്‍പത്തിമൂന്ന് ശാഖകളുളള സ്ഥാപനത്തിന്റെഭൂരിഭാഗം ശാഖകളും പൂട്ടിയിരിക്കുകയാണ്. കരുവഞ്ചാല്‍, ആലക്കോട് ഉള്‍പ്പെടെ ജില്ലയിലെ മലയോര മേഖലകളില ഓഫീസുകളും അടച്ചു പൂട്ടിയിട്ടുണ്ട്. നൂറുകണക്കിന് നിക്ഷേപകരാണ് ഇവിടങ്ങളില്‍ പണം നല്‍കിയിട്ടുളളത്.












Click it and Unblock the Notifications