Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയൂരിന്റെ പുണ്യമായി തീര്‍ത്ഥാടകരെ കാത്ത് ഓടപ്പൂക്കള്‍ നിരന്നു

കൊട്ടിയൂര്‍: ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവ ക്ഷേത്ര വൈശാഖ മഹോത്സവത്തിനെത്തുന്നവര്‍ ഓടപ്പൂ പ്രസാദം വാങ്ങാതെ മടങ്ങി പോകാറില്ല. 28 നാള്‍ നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ ഏറ്റവും വലിയ കൗതുകമാണ് കൊട്ടിയൂരില്‍ മാത്രം ലഭിക്കുന്ന ഓടപ്പൂക്കള്‍. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ ഓടപ്പൂവ് ഒരെണ്ണമെങ്കിലും സ്വന്തമാക്കിയാണ് മടങ്ങുക.

കൊട്ടിയൂര്‍ ക്ഷേത്രം ദര്‍ശനത്തിന്റെ സന്തോഷം കൊട്ടിയൂരില്‍ എത്താത്തവരുമായി പങ്കിടാന്‍ ഓടപ്പൂവ് സമ്മാനമായി നല്‍കുകയും ചെയ്യാറുണ്ട്. ക്ഷേത്ര ഐതിഹ്യവുമായി ഓടപ്പൂക്കള്‍ക്ക് ബന്ധമുണ്ട്. ദക്ഷയാഗത്തിന് കാര്‍മികത്വം വഹിച്ച ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓര്‍മിപ്പിക്കുന്നത്. ഈ ഓടപ്പൂക്കള്‍ വീട്ടിന് മുന്‍വശത്ത് തൂക്കിയാല്‍ രോഗപീഢകളും സകല വിഘ്‌നങ്ങളും കഷ്ടകാലവും അവസാനിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.

kannur

ഓടപ്പൂവിന്റെ നിര്‍മാണം ഏറെ അധ്വാനമുള്ള ജോലിയാണെന്നാണ് ഓടപ്പൂ നിര്‍മാതാവും വില്‍പ്പനക്കാരനുമായ കൊട്ടിയൂര്‍ സ്വദേശിയായ കെകെ കുഞ്ഞിരാമന്‍ പറഞ്ഞു. 50 ദിവസം വ്രതമെടുത്താണ് ഓടശേഖരണം മുതല്‍ തല്ലിച്ചതച്ചു പൂക്കളാക്കലും വില്‍പ്പനയും നടത്തുന്നത്. കൊട്ടിയൂരപ്പന്റെ ഭക്തികൊണ്ടു ചെയ്യുന്നതാണിത്. അതില്‍ ലാഭ നഷ്ടങ്ങള്‍ നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അര നൂറ്റാണ്ടുകാലമായി കുഞ്ഞിരാമന്‍ ഓടപ്പൂ നിര്‍മ്മാണ രംഗത്തുണ്ട് പിതാവിന്റെ കാലത്തെ കുലത്തൊഴിലായി ചെയ്തു വരുന്നതാണിത്. ഓട വെള്ളത്തിലിട്ടശേഷം എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ് ദര്‍ശനത്തിനെത്തുന്ന ഭക്തന്‍മാര്‍ക്ക് നല്‍കുന്നതിനായി സൂക്ഷിക്കുന്നത്.

ദിവസങ്ങളുടെ അധ്വാനം വേണം ഓടപ്പൂവ് നിര്‍മിക്കാന്‍. ഓടച്ചതയ്ക്കുന്നത് വീടുകളില്‍ നിന്നും സ്ത്രീകളാണ്. ഏറെ അധ്വാനം നിറഞ്ഞ ജോലിയാണിതെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. ഒരുകാലത്ത് പരക്കെയുണ്ടായിരുന്ന ഓടക്കാടുകള്‍ കൊട്ടിയൂരില്‍ നിന്ന് അപ്രത്യക്ഷമായത് നിര്‍മ്മിക്കുന്നവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മധുരമുള്ള ഓടകള്‍ കാട്ടാനകളുടെ ഇഷ്ട ഭക്ഷണമാണ്. ആറളം ഫാമില്‍ ഇത്തരം ഓടകള്‍ തിന്നാനാണ് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത്.

ജീവന്‍ പണയം വെച്ചാണ് ഓടകള്‍ വെട്ടാന്‍ ഉള്‍വനത്തില്‍ തൊഴിലാളികള്‍ പോകുന്നത്. മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ചു വ്രതശക്തിയിലാണ് കൊട്ടിയൂര്‍ ഉത്സവം തുടങ്ങുന്നതിന് രണ്ടു മാസം മുന്‍പെ ഓടവെട്ടാന്‍ തുടങ്ങുന്നത് എല്ലാ വിഭാഗക്കാരും ഓട പൂനിര്‍മ്മിക്കാറുണ്ട്. ഉത്സവ കാലത്തു മാത്രമേ ഓടപ്പു നിര്‍മ്മിക്കാറുള്ളു. മറ്റുള്ള മാസങ്ങളില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ ഓടിച്ചും നാടന്‍ പണികള്‍ക്കു പോയുമാണ് താനും കുടുംബവും ജീവിക്കുന്നതെന്ന് കുഞ്ഞിരാമന്‍ പറയുന്നു.

പ്രകൃതിയില്‍ നിന്നും മാത്രം ലഭിക്കുന്ന ഓടപ്പുകള്‍ പ്രസാദമായി ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രങ്ങളിലൊന്നാണ് കൊട്ടിയൂര്‍. ഇതു കൊണ്ടു തന്നെ കൊട്ടിയൂര്‍ പെരുമാളിനെ ആദിവാസികള്‍ വിളിക്കുന്നത് തന്നെ ഓടക്കാടച്ഛന്‍ എന്നാണ്. പ്രകൃതിയും മനുഷ്യരും വിശ്വാസവും ഇടകലര്‍ന്ന് ചേരുന്നതാണ് ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ ശിവക്ഷേത്രം.

മഴകനക്കുന്ന ദിനങ്ങളിലാണ് ഇവിടെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രാധാന്യമേറിയ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തീര്‍ത്ഥാടകര്‍ കൂടുതല്‍ എത്തുന്നത്. ദക്ഷയാഗത്തിനു നേതൃത്വം നല്‍കിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ് ഓടപ്പൂവ് എന്നാണ് കരുതപ്പെടുന്നത്. ശിവഭൂതങ്ങളുടെ തലവന്‍ വീരഭദ്രനും സംഘവും യാഗം തകര്‍ക്കാന്‍ എത്തിയപ്പോള്‍ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടിരോമങ്ങള്‍ പിഴുതെറിഞ്ഞതാണ് മുളച്ച് ഓടപ്പൂവായി മാറിയതെന്നു കരുതപ്പെടുന്നു.

കൊട്ടിയൂരില്‍ വൈശാഖ ഉല്‍സവത്തിന് എത്തുന്ന ഭക്തര്‍ക്ക് ഓടപ്പൂവ് ഒരു കൗതുകവും കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയുമാണ്. മാത്രമല്ല, അടുത്തവര്‍ഷം വൈശാഖ മാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. നിര്‍മ്മാണ ചെലവ് കൂടിയതു കാരണം ഓടപ്പൂവിന് ഇക്കുറി 20 രൂപ വര്‍ധിച്ചിട്ടുണ്ട്. ചെറുതിന് 70 ഇടത്തരം, 80 വലുതിന് 90 രൂപയെന്നിങ്ങനെയാണ് നിരക്ക്.

സര്‍വ്വ ഐശ്വര്യവുമുണ്ടാകാന്‍ കൊട്ടിയൂര്‍ പെരുമാളിന്റെ ഓടപ്പൂക്കള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചാണ് തീര്‍ത്ഥാടകര്‍ ഇവിടെ നിന്നും മഴ നനഞ്ഞ് ബാവലിയില്‍ കുളിച്ചു ഈറന്‍ വസ്ത്രങ്ങളുമായി മടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+