ഡി- സി കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കൊവിഡ് പരിശോധന ഉയർത്തണം: കളക്ടർ
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സി, ഡി കാറ്റഗറികളില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഈ രണ്ട് കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ മൂന്ന് ദിവസത്തെ ആകെ പോസിറ്റീവ് കേസുകളുടെ പത്ത് മടങ്ങ് ടെസ്റ്റുകള്‍ വീതം തുടര്‍ന്നുവരുന്ന മൂന്ന് ദിവസവും നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആന്റിജന്‍ ടെസ്റ്റുകള്‍ക്കൊപ്പം ആര്‍ടിപിസിആര്‍ പരിശോധനകളും വര്‍ധിപ്പിക്കണം.
വൈറസ് ബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തി രോഗവ്യാപനം ഫലപ്രദമായി തടയുന്നതിനു വേണ്ടിയാണിത്. ഒരു തദ്ദേശ സ്ഥാപനത്തില്‍ നടത്തുന്ന ആകെ ടെസ്റ്റുകളുടെ 65 ശതമാനം ആര്‍.ടി.പി.സി.ആറും ബാക്കി 35 ശതമാനം ആന്റിജനും എന്ന രീതിയില്‍ എണ്ണം ക്രമീകരിക്കണം. നിലവില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ വഴി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിന് ജില്ലയില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുക്കണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 15 വരെയുള്ള സി കാറ്റഗറിയിലും അതിനു മുകളിലുള്ള ഡി കാറ്റഗറിയിലും പെട്ട പ്രദേശങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇതിനായി നിയമിക്കപ്പെട്ട ചാര്‍ജ് ഓഫിസര്‍മാര്‍ മുന്‍കൈ എടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇവിടങ്ങളില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായശാലകള്‍ തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ പുതുതായി 897 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 858 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.77 ശതമാനമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 167041 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 160543 ആയി. 885 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4066 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 3302 പേര്‍ വീടുകളിലും ബാക്കി 764 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17135 പേരാണ്. ഇതില്‍ 16346 പേര്‍ വീടുകളിലും 789 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1324149 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1323330 എണ്ണത്തിന്റെ ഫലം വന്നു. 819 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.












Click it and Unblock the Notifications