കണ്ണൂര്‍ നഗരത്തില്‍ 6 പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍വെളളിയാഴ്ച്ച രാവിലെ ആറുപേരെ കടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പാപ്പിനിശ്ശേരി സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന നായയെ ഇന്ന് രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ റീജിയണല്‍ ഡിസീസ് ഡയഗ് നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കി. തലച്ചോറിന്റെ ഭാഗങ്ങള്‍ ഫ്‌ളൂറസെന്റ് ആന്റി ബോഡി ടെക്‌നിക്ക് പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്ക് പേവിഷ പ്രതിരോധ തുടര്‍ ചികിത്സ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലബോറട്ടറി പരിശോധനകള്‍ക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി.കെ. പത്മരാജ്, വെറ്ററിനറി സര്‍ജന്‍ ഡോ. രഞ്ജിനി എന്നിവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസം രാവിലെ മുനീശ്വരന്‍കോവില്‍, എസ്. എന്‍ പാര്‍ക്ക് എന്നിവടങ്ങളില്‍ നിന്നാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ആറുപേര്‍ക്ക് തെരുവുപട്ടിയുടെ കടിയേറ്റത്. മേലെചൊവ്വ സ്വദേശിനി ഷീജ, കീഴ്പ്പള്ളിയിലെ ബൈജു, ഒഡീഷ നിര്‍മാണതൊഴിലാളിയായ ഷോദേവ്, സദര്‍നോ എന്നിവര്‍ക്കാണ് കടിയേറ്റത്. പട്ടിക്ക് വാക്‌സിനേഷന്‍ കൊടുക്കാനെത്തിയ രണ്ടു മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കടിയേറ്റിട്ടുണ്ട്. മണിക്കൂറുകളുടെ ശ്രമഫലമായി
കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാരും മാര്‍ക്ക് പ്രവര്‍ത്തകരും കൂടിയാണ് എസ്. എന്‍ പാര്‍ക്ക് റോഡില്‍ നിന്നും പട്ടിയെ പിടികൂടിയത്. ഇതിനിടെ കരിവെള്ളൂരില്‍ നിന്നും പിടികൂടി പടിയൂര്‍ എ.ബി.സി സെന്ററില്‍ നിരീക്ഷണത്തിലുള്ള നായ്ക്കള്‍ക്ക് വൈദ്യ പരിശോധന നടത്തി. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം അവയെ വന്ധ്യംകരണത്തിനു വിധേയമാക്കും. കരിവെള്ളൂരിലും പരിസര പ്രദേശങ്ങളിലും ഇന്ന് വ്യാപകമായ പരിശോധന നടത്തി എട്ടുതെരുവുനായകളെ പിടകൂടി. ഇരിക്കൂര്‍ പടിയൂര്‍ കേന്ദ്രത്തില്‍ എത്തിച്ചു. വരും ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജിത് ബാബു അറിയിച്ചു.
കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ഒരേദിവസം എട്ടുപേരെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മഹാദേവഗ്രാമത്തില്‍ വെച്ചു നാട്ടുകാര്‍ പിന്തുടര്‍ന്ന് അക്രമാസക്തനായ തെരുവുനായയെ തല്ലിക്കൊന്നു. പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ തെരുവുനായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.












Click it and Unblock the Notifications