കണ്ണൂരിലെ വനാതിർത്തികളിൽ മാവോയിസ്റ്റ് സംഘങ്ങളുടെ ശക്തി കുറഞ്ഞതായി റിപ്പോർട്ട്
ഇരിട്ടി: കണ്ണൂര്‍ - വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് കബനീ ദളത്തിന്റെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നാലുപേര്‍ മാത്രമാണ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. 13 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുമ്പോഴും ജനങ്ങള്‍ക്കിടെയില്‍ സജീവമാകാന്‍ കഴിയാതെ വന്നതോടെ പ്രവര്‍ത്തകര്‍ സംഘടനയില്‍ നിന്നും അകന്നെന്നാണ് വിലയിരുത്തല്‍.
കാട്ടാനയുടെ ചവിട്ടേറ്റ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ മാവോയിസ്റ്റ് സംഘം ഉപേക്ഷിച്ചു പോവുകയും പിന്നീട് കീഴടങ്ങുകയും ചെയ്ത സുരേഷിന്റെ മൊഴിയും ഈ കാര്യം സാധൂകരിക്കുന്നതാണ്. ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം വേണമെന്ന മൊയ്തീന്‍ ഉള്‍പ്പെട്ട നാല്‍വര്‍ സംഘത്തിന്റെ വാശിയില്‍ വിയോജിപ്പിച്ചു പ്രകടപ്പിച്ചാണ് താന്‍ സംഘടന വിട്ടുവെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു.

സിപി മൊയ്തീന്‍ ഉള്‍പടെ നാലുപേര്‍ മാത്രമാണ് കബനി ദളത്തില്‍ ഇപ്പോള്‍ സജീവമായുള്ളത്. സിപി മൊയ്തീന് പുറമേ മലയാളികളായ സോമന്‍, മനോജ് എന്നിവരും തമിഴ്‌നാട് സ്വദേശിയായ സന്തോഷുമാണ് സംഘത്തില്‍ ഉള്ളതെന്നാണ് വിവരം. കണ്ണൂര്‍ - തിരുനെല്ലി അതിര്‍ത്തിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് എത്തിപ്പെടാന്‍ പ്രയാസമുള്ള മേഖലയിലാണ് ഇവര്‍ കഴിഞ്ഞു വരുന്നത്.
നേരത്തെ കര്‍ണാടകയില്‍ നിന്ന് എത്തിയ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന വനമേഖലയില്‍ നിന്നും കര്‍ണാടക വനമേഖലയിലേക്ക് പിന്‍വാങ്ങിയതായാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉരുപ്പുംകുറ്റിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവുമുണ്ടായ നേരിട്ട് ഏറ്റുമുട്ടലിന് ശേഷം കഴിഞ്ഞ ആറുമാസമായി കണ്ണൂര്‍ ജില്ലയില്‍ എവിടെയും മാവോയിസ്റ്റുകളെത്തിയിട്ടില്ല.
ഈ കാലയളവില്‍ മൂന്ന് തവണ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഉരുപ്പുകുറ്റിയില്‍ ഏറ്റുമുട്ടലില്‍ സംഘത്തിലെ വനിതയായ കവിത കൊല്ലപ്പെട്ടത് അറിയിക്കാന്‍ എത്തിയതിന് പുറമേ അവസാനമായി മാവോയിസ്റ്റ് സാന്നിധ്യം വെളിവായത് വയനാട്ടിലെ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിലാണ്. വിദൂര നിയന്ത്രണത്തില്‍ സ്‌ഫോടനം നടത്താന്‍ കഴിയുന്ന അതീവ സ്‌ഫോടക ശേഷിയുള്ള കുഴി ബോംബുകളായിരുന്നു വയനാട്ടില്‍ കണ്ടെടുത്തത്.












Click it and Unblock the Notifications