ജനകീയ പ്രതിഷേധം വിഫലം: എടക്കാട് റെയില്‍വേസ്‌റ്റേഷന് സമീപം അടിപ്പാത നിര്‍മാണം തുടങ്ങി
തലശേരി: സുഗമമായ യാത്രാസൗകര്യം നിലനിര്‍ത്തുന്നതിന് എടക്കാട് ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധങ്ങള്‍ നടത്തുന്നതിനിടെ ഏകദേശം 400 മീറ്റര്‍ മാറി എടക്കാട് റയില്‍വേ സ്റ്റേഷന് സമീപത്ത് അടിപ്പാത നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു.
ഞായറാഴ്ച്ച ദിവസവും 10 ഓളം തൊഴിലാളികള്‍ രാവിലെ മുതല്‍ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുകയാണ്. നിലവിലുള്ള ദേശീയ പാതയുടെ കിഴക്ക് വശത്തായാണ് നാല് മീറ്റര്‍ ഉയരത്തിലും 28.5 മീറ്റര്‍ നീളത്തിലും അടിപ്പാത നിര്‍മ്മിക്കുന്നത്. 14.25 മീറ്ററിന്റെ രണ്ട് ഭാഗമായാണ് അടിപ്പാത പൂര്‍ത്തിയാക്കുക.

ആദ്യ ഭാഗം പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം ഇതുവഴി കടത്തിവിട്ടാണ് നിലവിലെ ദേശീയപാതയില്‍ അടിപ്പാത നിര്‍മിക്കുക.നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവ് പ്രവൃത്തിയെ ബാധിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. ഒന്നു രണ്ട് മാസത്തിനകം ആദ്യ അടിപ്പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കാനണ് ശ്രമമെന്നും തൊഴിലാളികള്‍ ് പറഞ്ഞു.
എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റി എടക്കാട് ടൗണില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്. ടൗണില്‍ അടിപ്പാതയില്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കു മെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്.
എന്നാല്‍ റെയില്‍വേ സ്റ്റേഷനടുത്ത് അടിപ്പാത നിര്‍മാണ പ്രവൃത്തി തുടങ്ങിയതിനാല്‍ ഇതിന് സമീപത്തായി മറ്റൊരു അടിപ്പാത കൂടി വരാനുളള സാധ്യത മങ്ങിയിരിക്കുകയാണ്. എടക്കാട് ടൗണ്‍ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട്് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റി ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു. കെ.സുധാകരന്‍ എം.പി ഈ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ഗഡ്കരിക്ക് കത്ത് നല്‍കിയിരുന്നു.
നിര്‍ദ്ദിഷ്ട ദേശീയപാത യാഥാര്‍ത്ഥ്യമായാല്‍ എടക്കാട് ടൗണ്‍ പൂര്‍ണമായും ഒറ്റപ്പെടും. തലശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇതുവഴി പോകണമെങ്കില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റിവളയേണ്ടി വരും. കടമ്പൂര്‍ സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് എടക്കാട് വഴി സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
എന്നാല്‍ ദേശീയ പാതയുടെ അലൈന്‍മെന്റ് ഡല്‍ഹിയില്‍ നിന്നാണ് തീരുമാനിക്കുന്നതെന്നും തങ്ങള്‍ക്ക് ഈക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ദേശീയ പാത അതോറിറ്റി അധികൃതര്‍ കര്‍മ്മസമിതിയെ അറിയിച്ചത്.ഇതോടെയാണ് ജനകീയ പ്രതിഷേധം ശക്തമാകുമ്പോഴും അധികൃതര്‍ അടിപ്പാതയുടെ നിര്‍മാണം തുടങ്ങിയത്. ദേശീയ പാതയിലൂടെ റെയില്‍വെ ചരക്കുനീക്കങ്ങള്‍ ഫലപ്രദമായി നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്‌റ്റേഷനു മുന്‍പിലെ ചതുപ്പ് നികത്തിയാണ് അടിപ്പാത നിര്‍മാണം നടക്കുന്നത്.












Click it and Unblock the Notifications