കെഎസ്‌യു കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ ഉന്തും തള്ളും, സംഘര്‍ഷം
കണ്ണൂര്‍: പരീക്ഷാക്രമക്കേട് നടത്തിയ വിദ്യാര്‍ത്ഥിയുടെ ശിക്ഷ റദ്ദാക്കാന്‍ സര്‍വകലാശാല നീക്കം നടത്തുന്നതിനെതിരെ കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലിസുമായി ഉന്തും തളളുമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് വലയം ഭേദിച്ചു കെഎസ്‌യു പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്‍പിലെത്തി.
ഇവിടെ നിന്നും മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ പൊലിസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാര്‍ത്ഥിയുടെ ശിക്ഷ റദ്ദാക്കാന്‍ നടത്തിയ നീക്കം സിപിഎം അറിവോടെയെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ ആരോപിച്ചു.

ഉത്തരക്കടലാസ് ഇന്‍വിജിലേറ്റര്‍ക്ക് നല്‍കാതെ പുറത്തേക്കിറങ്ങിയ വിദ്യാര്‍ത്ഥി ഗുരുതരമായ കുറ്റമാണ് നടത്തിയതെന്ന് സമ്മതിച്ചിട്ടും ശിക്ഷ ഇളവ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത് രാഷ്ട്രീയ ഇടപെടല്‍ ആണെന്ന് ആരോപിച്ച് വിസിയെ കാണാന്‍ ചെന്ന കെഎസ്‌യു നേതാക്കളെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞ് ഗേറ്റ് അടച്ചത് മുതല്‍ സംഘര്‍ഷം തുടങ്ങിയിരുന്നു.
ക്രമക്കേട് നടന്നതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം ഉണ്ടാവണമെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിക്കേണ്ടതെന്നും ആവശ്യപ്പെട്ട് വൈസ് ചാന്‍സലറുമായി കെഎസ്‌യു നടത്തിയ ചര്‍ച്ചയില്‍ വൈസ് ചാന്‍സലര്‍ ബിജോയ് നന്ദന്‍ നീതിയുടെ പക്ഷത്ത് നിന്നുള്ള തീരുമാനം ഉണ്ടാവുമെന്ന ഉറപ്പ് നല്‍കി.
യൂണിവേഴ്സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണന്‍ പാളാട്, അഷിത്ത് അശോകന്‍, അമല്‍ തോമസ്, കാവ്യ കെ, അര്‍ജുന്‍ കോറോം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷരാജ് സി കെ, റയീസ് തില്ലങ്കേരി, സുഫൈല്‍ സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പരീക്ഷാ നിയമലംഘനം നടത്തിയ വിദ്യാര്‍ത്ഥിക്കെതിരെയുളള ശിക്ഷ റദ്ദ് ചെയ്യുന്നതിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ഭാരവാഹികളും രംഗത്തു വന്നിരുന്നു. ഇതിനു ശേഷമാണ് കെഎസ്‌യുവും പ്രതിഷേധവുമായി രംഗത്തുവന്നത്.












Click it and Unblock the Notifications