കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂരിൽ തിളക്കമേറിയ ഭൂരിപക്ഷം നേടാൻ കെ കെ ശൈലജ: നില മെച്ചപ്പെടുത്താൻ യുഡിഎഫും എൻഡിഎയും

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: ജന്മനാടായ മട്ടന്നൂരിൽ വെറുമൊരു ജയം മാത്രമല്ല തിളക്കമാർന്ന ഭൂരിപക്ഷം കൂടി മന്ത്രി കെ.കെ ശൈലജ ലക്ഷ്യമിടുന്നുണ്ട്. ഇക്കുറി ഏറ്റവും ചുരുങ്ങിയത് അര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷമാണ് മട്ടന്നൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്.ഇതിനായി എണ്ണയിട്ട യന്ത്രം പോലെ രാപ്പകൽ പ്രവർത്തിക്കുകയാണ് എൽ.ഡി.എഫ് പ്രവർത്തകർ. ജനിച്ചു വളർന്ന മണ്ണുൾപ്പെടുന്ന മട്ടന്നൂർ മണ്ഡലത്തിൽ കെ.കെ ശൈലജ അത്രമേൽ സുപരിചിതയുമാണ്. കഴിഞ്ഞ പിണറായി സർക്കാരിലെ ഏറ്റവും തിളക്കമാർന്ന പ്രവർത്തനം കാഴ്ച്ചവെച്ച മന്ത്രിയെന്ന ഇമേജും ശൈലജയ്ക്കുണ്ട്.

ബിജെപിക്ക് മമതയുടെ മറുപടി, മുകുള്‍ റോയിയുടെ ക്ലിപ്പ് പുറത്ത്, തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചോ?ബിജെപിക്ക് മമതയുടെ മറുപടി, മുകുള്‍ റോയിയുടെ ക്ലിപ്പ് പുറത്ത്, തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചോ?

പിണറായി വിജയന്‍ മന്ത്രിസഭയിലെ ഒരു മന്ത്രി വഴിമാറി മറ്റൊരു മന്ത്രി മത്സരരംഗത്തെത്തിയ മണ്ഡലമാണ് മട്ടന്നൂര്‍. മണ്ഡല രൂപീകരണത്തിന് ശേഷം തുടര്‍ച്ചയായി രണ്ടുതവണ വിജയിച്ച സി.പി.എമ്മിലെ ഇ.പി ജയരാജന്‍ പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ക്ക് സീറ്റില്ല എന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം മത്സരരംഗംവിട്ട ജയരാജന് പകരം മട്ടന്നൂരില്‍ അങ്കം കുറിക്കാനെത്തിയതാവട്ടെ പിണറായി സര്‍ക്കാരിലെ മറ്റൊരു മന്ത്രിയായ കെ.കെ ശൈലജയും.

 opponent-1523

മട്ടന്നൂരിന് തൊട്ടടുത്ത കൂത്തുപറമ്പിലെ എം.എല്‍.എയായ ശൈലജ കൂത്തുപറമ്പ് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദളിന് കൈമാറിയാണ് മട്ടന്നൂരിലെത്തിയത്. ആരോഗ്യവകുപ്പ് മന്ത്രിയായ ശൈലജ ടീച്ചര്‍ തന്റെ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോക ശ്രദ്ധയാകര്‍ഷിച്ച താരപരിവേഷത്തിനുടമയാണ്. പിണറായി മന്ത്രിസഭയിലെ ഏറ്റവും പോപ്പുലറായ മന്ത്രിയായ ശൈലജ ജന്മനാടായ മട്ടന്നൂരിലെത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ആവേശത്തിലാണ്. ഇക്കുറി മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം അമ്പതിനായിരത്തിനപ്പുറമെത്തിക്കാന്‍ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ ഉറച്ച വിശ്വാസം. 2011ല്‍ ഇ.പി ജയരാജന്‍ വിജയിച്ചത് 30,512 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. സോഷ്യലിസ്റ്റ് ജനതാദളിലെ ജോസഫ് ചാവറയെയാണ് അന്ന് ജയരാജന്‍ പരാജയപ്പെടുത്തിയത്. 2016ല്‍ തന്റെ ഭൂരിപക്ഷം 43,381 ആയി വര്‍ധിപ്പിക്കാന്‍ ജയരാജനായി. സോഷ്യലിസ്റ്റ് ജനതാദളിലെ കെ.പി പ്രശാന്തിന് ആകെ കിട്ടിയ വോട്ട് 49,649 ആണ്.

2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ 20,733 ഭൂരിപക്ഷമാണ് പി.കെ ശ്രീമതിക്ക് കിട്ടിയത്. 2019ലേക്ക് വരുമ്പോള്‍ 7,488 വോട്ടുകളുടെ മുന്‍തൂക്കം മാത്രമേ എല്‍.ഡി.എഫിന് ലഭിച്ചുള്ളൂ. 2016ലെ നിയമസഭയിലേക്ക് കിട്ടിയതിനേക്കാള്‍ 9,450 വോട്ടുകള്‍ കുറഞ്ഞു. യു.ഡി.എഫിനാകട്ടെ 26,443 വോട്ടുകള്‍ കൂടുകയും ചെയ്തു. ഈ കണക്കുകളുടെ പിന്‍ബലമാണ് യു.ഡി.എഫ് ക്യാമ്പിലെ ആത്മവിശ്വാസം. മട്ടന്നൂര്‍ നഗരസഭയും ചിറ്റാരിപറമ്പ്, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് മട്ടന്നൂര്‍ മണ്ഡലം. ഇടതുമുന്നണിക്ക് സമ്പൂര്‍ണ ആധിപത്യമാണ് മട്ടന്നൂര്‍ നഗരസഭയിലും മറ്റെല്ലാ പഞ്ചായത്തുകളിലും. വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇ.പി ജയരാജന്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണി മണ്ഡലത്തില്‍ മുഖ്യപ്രചരണ വിഷയമാക്കുന്നുണ്ട്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളം തങ്ങളുടെ കാലഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതും മട്ടന്നൂരിലുണ്ടാക്കിയ വികസന മുന്നേറ്റവുമൊക്കെ പ്രചരണ വിഷയമാക്കിയിരിക്കുകയാണ് ഇടതുമുന്നണി. കെ.കെ ശൈലജ ടീച്ചറുടെ വ്യക്തി പ്രഭാവവും കൂടിയാവുമ്പോള്‍ ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. യു.ഡി.എഫ് ആര്‍.എസ്.പിക്ക് വിട്ടുനല്‍കിയ സീറ്റില്‍ ആര്‍.എസ്.പി ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മറ്റിയംഗവുമായ ഇല്ലിക്കല്‍ അഗസ്തിയാണ് സ്ഥാനാര്‍ഥി. സീറ്റ് ആര്‍.എസ്.പിക്ക് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസിനകത്ത് ശക്തമായ അമര്‍ഷമുണ്ട്.

പ്രചരണരംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേണ്ടത്ര സജീവമായിട്ടില്ല. ആര്‍.എസ്.പിക്കാകട്ടെ മണ്ഡലത്തില്‍ കാര്യമായ സ്വാധീനവുമില്ല. രക്തസാക്ഷിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ പ്രവര്‍ത്തനമേഖലയായിരുന്നു മട്ടന്നൂര്‍. ആ മട്ടന്നൂര്‍ വിട്ടുനല്‍കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശചോര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ പ്രചരണത്തിനെത്തുന്നതോടെ ഇത് മറികടക്കാന്‍ കഴിയുമെന്നാണ് ഇല്ലിക്കല്‍ അഗസ്തി പറയുന്നത്. ബിജു എളക്കുഴിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജു എളക്കുഴി മത്സരിച്ചിരുന്നു.

യുവമോര്‍ച്ചയിലൂടെ രാഷ്ട്രീയരംഗത്ത് വന്ന ബിജു ബി.ജെ.പിയുടെ ജില്ലയിലെ പ്രമുഖ നേതാവാണ്. മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. ഇ.പി ജയരാജനെ മനഃപൂര്‍വം തഴഞ്ഞതാണ് എന്ന് ചിന്തിക്കുന്ന വലിയൊരു ശതമാനം പ്രവര്‍ത്തകര്‍ മട്ടന്നൂരിലുണ്ട്. കെ.കെ ശൈലജ ടീച്ചറുടെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് മന്ത്രി ഇ.പി ജയരാജനാണ്. തുടര്‍ന്ന് പ്രചരണരംഗത്ത് ജയരാജന്റെ സാന്നിധ്യം കാര്യമായുണ്ടായില്ല. ജയരാജനെ മാറ്റി ശൈലജ ടീച്ചറെ തന്നെ സ്ഥാനാര്‍ഥിയാക്കിയതിലും പാര്‍ട്ടി ഘടകങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഈ അടിയൊഴുക്കുകള്‍ തെരഞ്ഞെടുപ്പില്‍ ബാധിക്കുമോ? മട്ടന്നൂരിലെ ഉരുക്കുകോട്ട ഉറപ്പിച്ചു നിര്‍ത്താന്‍ ശൈലജ ടീച്ചര്‍ക്കാവുമോ? കോട്ട തകര്‍ക്കാനായില്ലെങ്കിലും പിടിച്ചുകുലുക്കാന്‍ യു.ഡി.എഫിനാവുമോ? ബി.ജെ.പിക്ക് ശക്തി തെളിയിക്കാനാവുമോ? ഇത്തരം ചോദ്യങ്ങൾ മട്ടന്നൂരിൽ നിന്നും ഉയരുന്നുണ്ട്. എന്തു തന്നെയായാലും കേന്ദ്ര കമ്മിറ്റിയംഗമായ ശൈലജ ഭൂരിപക്ഷം കുട്ടാനായി കളത്തിലിറങ്ങുമ്പോൾ നില മെച്ചപ്പെടുത്താനാണ് യു.ഡി.എഫ് - എൻ.ഡി.എ മുന്നണികൾ പൊരുതുന്നത്.

English summary
LDF,UDF and NDA campaigns win Mattannur in assembly poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X