എന്‍ഡിഎക്ക് അനുകൂല സാഹചര്യമെന്ന് രഘുനാഥ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കണ്ണൂര്‍: എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ബിജെപി ദേശീയ സമിതിയംഗം സി രഘുനാഥ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മണ്ഡലം മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, ദേശീയ സമിതി അംഗം പികെ. വേലായുധന്‍ സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്, ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. അംബികസുതന്‍, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പൈലി വത്യാട്ട് എന്നിവര്‍ അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.
സ്റ്റേഡിയം കോര്‍ണറില്‍ നിന്നും നൂറുകണക്കിന് എന്‍ഡിഎ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നേതൃത്വത്തില്‍ വാദ്യമേളങ്ങളുടേയും മുദ്രാവാക്യം വിളികളുടേയും അകമ്പടിയോടെയാണ് രഘുനാഥിനെ ആനയിച്ചത്.എന്‍ഡിഎ നേതാക്കളായ ബിജെപി ദേശീയസമിതിയംഗങ്ങളായ എ ദാമോദരന്‍, പികെ വേലായുധന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ രഞ്ചിത്ത്, അഡ്വ കെ ശ്രീകാന്ത് എന്നിവരും സന്നിഹിതരായിരുന്നു.

മേഖലാ ജനറല്‍ സെക്രട്ടറി കെകെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എംആര്‍ സുരേഷ്, ജില്ലാ ട്രഷറര്‍ യുടി ജയന്തന്‍, സംസ്ഥാന സമിതിയംഗം ആനിയമ്മ രാജേന്രന്‍, എസ്‌സി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ രതീഷ്, ജില്ലാ വൈസ് പ്രസിഡണ്ട് പിആര്‍ രാജന്‍, ജില്ലാ സെക്രട്ടറിമാരായ അഡ്വ. ശ്രദ്ധാരാഘവന്‍, അരുണ്‍ കൈതപ്രം, സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വികെ അജി മറ്റ് നേതാക്കളായ പ്രഭാകരന്‍ മാങ്ങാട്, ശ്രീധരന്‍ കാരാട്ട്, ശ്രീനിവാസന്‍ പനക്കല്‍, കെകെ. സോമന്‍, കനകരാജ് വീര്‍പ്പാട് തുടങ്ങി നിരവധി നേതാക്കളും സ്ത്രീകളും യുവജനങ്ങളുമടക്കമുളള നൂറുകണക്കിന് പ്രവര്‍ത്തകരും റോഡ്‌ഷോയില്‍ അണിനിരന്നു.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നും വിജയം സുനിശ്ചിതമാണെന്നും രഘുനാഥ് പറഞ്ഞു. പത്രികാസമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇടതു-വലത് മുന്നണികളെ മാറ്റിനിര്‍ത്തി കേരളത്തിലെ വോട്ടര്‍മാര്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നുറപ്പാണ്.
കേരളത്തിന് പുറത്ത് ഒന്നിച്ച് മത്സരിക്കുന്നവര്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്നതിന്റെ രാഷ്ട്രീയ വിരോധാഭാസം ജനങ്ങള്‍ തിരിച്ചറിയും. വികസനം സ്വപ്നം കാണുന്നവര്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യും. എസ്ഡിപിഐയുടെ പിന്തുണ ഉറപ്പാക്കിയ കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യുമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. അതിന് വേണ്ടിയാണ് അവര്‍ എസ്ഡിപിഐയുമായി കൂട്ടുചേരുന്നതെന്ന് രഘുനാഥ് ആരോപിച്ചു.












Click it and Unblock the Notifications