കണ്ണൂർ നഗരത്തിൽ മാലിന്യപ്രശ്നം ഗുരുതരം: മെഗാശുചീകരണവുമായി കോർപറേഷൻ
കണ്ണുർ: മാലിന്യം കുന്നുകൂടിയ കണ്ണുർ കോർപറേഷനിൽ ഈ മാസം അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മെഗാശുചീകരണം നടത്തുമെന്ന് മേയർ ടി ഒ മോഹനൻ അറിയിച്ചു. കോർപറേഷനിലെ മുഴുവൻ വാർഡ് പരിധിയിലും ഒരേ സമയം ശുചീകരണ പ്രവർത്തനം നടക്കും. വിവിധ സംഘടനകൾ ഉൾപ്പെടെ ശുചീകരണത്തിൽ പങ്കെടുക്കുമെന്ന് മേയർ പറഞ്ഞു.
ഇതിനിടെ കണ്ണുർ നഗരത്തിലെ ഹൃദയഭാഗത്തുള്ള താവക്കരയിൽ നഗരവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ് തണ്ണീര്‍തടത്തിലെ മാലിന്യം. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമായ ഇവിടുത്തെ തണ്ണീര്‍ത്തടം മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഇവിടെ നിന്നും ചെളി പോലും നീക്കം ചെയ്തിട്ടില്ല. നിര്‍ത്താതെ രണ്ട് മണിക്കൂര്‍ മഴ പെയ്താല്‍ ഇവിടെ നിന്നും വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. താവക്കര പുതിയ ബസ് സ്റ്റാന്റ്, കണ്ണൂര്‍ സര്‍വ്വകാലാശാല എന്നിവയുടെ നിര്‍മാണത്തിന് ശേഷം കൂടുതല്‍ മണ്ണ് വീണ് തണ്ണീര്‍ത്തടത്തിന്റെ ആഴം കുറഞ്ഞിരുന്നു.
അതോടെ മഴ പെയ്താലുടന്‍ സമീപ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓടകള്‍ വഴി ചാക്കുകണക്കിന് മാലിന്യങ്ങളും ഇവിടേക്ക് ഒഴുകിയെത്തുന്നു. ഇതോടെ തണ്ണീര്‍ത്തടത്തിന്റെ ആവാസവ്യവസ്ഥ പൂര്‍ണമായും നശിച്ചു. ഒരു കാലത്ത് ഈ ജലാശയം മുഴുവന്‍ പൂത്താലി ചെടിയായിരുന്നു. പിന്നീട് കുളവാഴയും, ആഫ്രിക്കന്‍ പായലും നിറഞ്ഞു. ഇപ്പോള്‍ ആഴത്തില്‍ വേരിറങ്ങുന്ന ചെടികളാണ് ഇവിടെയുള്ളത്. ഇതിനടിയിലാകെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. സാധാരണ നിലയില്‍ ഈ ജലം ഒഴുകി കടലില്‍ ചേരേണ്ടതാണ്. മാലിന്യങ്ങള്‍ നിറഞ്ഞതോടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുകയും വെള്ളം കയറാന്‍ കാരണമാകുകയും ചെയ്തു. വെള്ളം കയറുമ്പോള്‍ ഇഴജന്തുക്കളും വീടുകളിലെത്തുന്നു.

15ഓളം വീട്ടുകാരാണ് നിലവില്‍ ഈ അവസ്ഥയുടെ ദുരിതം അനുഭവിക്കുന്നത്. ചിലരൊക്കെ വീടും സ്ഥലവും വിറ്റ് മാറിപ്പോയി. അല്ലാത്തവര്‍ വീടിന്റെ തറ നിരപ്പ് ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. ചെളി നീക്കം ചെയ്ത് ആഴം കൂട്ടിയാല്‍ ഇവരുടെ ദുരിതത്തിന് പരിഹാരമാകുന്നതോടൊപ്പം നഗര സൗന്ദര്യവല്‍ക്കരണവും സാധ്യമാകും. കൗണ്‍സിലര്‍ കെ.ഷബീന ടീച്ചറുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇവിടുത്തേക്ക് മണ്ണുമന്തിയന്ത്രം ഉള്‍പ്പെടെ എത്തിക്കുന്നതില്‍ പ്രയാസങ്ങളുണ്ട്. നീക്കം ചെയ്യുന്ന ചെളി നിക്ഷേപിക്കുകയെന്ന പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇതിനു സമാനമാണ് പയ്യാമ്പലത്തുകാരുടെയും അവസ്ഥ. പ്രദേശത്തെ കനിയിൽ പാലത്തിനു സമീപത്തെ പറമ്പിൽ കെട്ടിനിൽക്കുന്ന മലിനജലത്തിൽ കൊതുകുകൾപെറ്റുപെരുകുന്നത് പകർച്ചവ്യാധി ഭീഷണിയുയർത്തുകയാണ് ഡെങ്കിയടക്കമുള്ള പകർച്ചാപ്പനികൾ പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ ഇവിടെ കഴിയുന്നത്. സമീപത്തെ തോട്ടിലേക്ക് ഒഴുകി പോകാനുള്ള മാർഗമില്ലാത്തത് കാരണമാണ് ഇവിടെ വെള്ളം തളംകെട്ടി നിൽക്കുന്നത് 'കണ്ണുർ കോർപറേഷനിലെ കാളിന്ദിയായി അറിയപ്പെടുന്ന പടന്ന ത്തോട് പരിസരവാസികൾ മഴക്കാലത്ത് തീരാതലവേദനമാണ് സൃഷ്ടിക്കുന്നത്. കറുത്തിരുണ്ട് മാലിന്യം നിറഞ്ഞൊഴുകുന്ന ഈ തോട് ജനകീയാരോഗ്യത്തിന് തന്നെ പലപ്പോഴും ഭീഷണിയാവുകയാണ്.
Recommended Video
ചാലാട് വഴി ഒഴുകി പയ്യാമ്പലം കടലിൽ ചെന്ന് ചേരുന്ന തോട്ടിൽ പലപ്പോഴും ഒഴുക്ക് തടസപ്പെടുന്നതാണ് തീരദേശ വാസികൾക്ക് പലപ്പോഴും വിനയായി മാറുന്നത്. പയ്യാമ്പലം കനിയിൽ പാലം വഴി പടന്നത്തോട് കടന്നുപോകുന്നതിന്റെ സമീപത്ത് ഈയിടെയായി മറ്റൊരു പ്രശ്നം കൂടി ഉയർന്നു വന്നിരിക്കുകയാണ് റോഡിന് ഭിത്തി കെട്ടുമ്പോൾ സമീപത്തുള്ള പറമ്പുകളിൽ നിന്ന് വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാനുള്ള കൈ വഴികൾ അടച്ചതോടെ വെള്ളം തോട്ടിലേക്ക് ഒഴുകി പോകാതെ പറമ്പുകളിൽ തളംകെട്ടി നിൽക്കുകയാണ് ഇങ്ങനെ തളംകെട്ടിനിൽക്കുന്ന മലിനജലം പരിസരവാസികൾക്ക് ദുരിതമായി മാറിയിട്ടുണ്ട്. കണ്ടൽകാടുകൾ നിറയെ യുള്ള സ്ഥലമാണിത്. കരിനിറമുള്ള മലിനജലത്തിൽ കൊതുകുകൾ അനുദിനം പെരുകുകയാണ്. ഈ രോഗ ഭീഷണിയിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്നാണ് ജനങ്ങൾ കോർപറേഷൻ അധികൃതരോട് ആവശ്യപ്പെടുന്നത്












Click it and Unblock the Notifications