• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിന് ഇനി രണ്ട് പൊലിസ് ജില്ലകള്‍ കണ്ണൂര്‍ റൂറല്‍ പൊലിസ് കമ്മിഷണറായി നവനീത് ശര്‍മ്മ ചുമതലയേറ്റു

  • By Desk

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിറ്റി, റൂറല്‍ പൊലീസ് ജില്ലകള്‍ നിലവില്‍ വന്നു. സിറ്റി പൊലീസ് കമീഷണറായി ആര്‍ ഇളങ്കോയേയും റൂറല്‍ എസ്പിയായി നവനീത് ശര്‍മയെയും നിയമിച്ചു. ഇവര്‍ ചുമതലയേല്‍ക്കുന്നതോടെ വിഭജനം ഔപചാരികമായി നിലവില്‍ വരും. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസിന്റെ ആദ്യ മേധാവിയായി നവനീത് ശര്‍മ്മ ചുമതലയേറ്റു.

കോവിഷീൽഡ് വാക്സിന്‍ 200 രൂപയ്ക്ക് സര്‍ക്കാറിന് നല്‍കും; പൊതുജനങ്ങള്‍ക്ക് 1000 രൂപ: അദർ പൂനവല്ല

ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി യതീഷ് ചന്ദ്രയില്‍നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. തല്‍ക്കാലികമായി കണ്ണൂര്‍ എ ആര്‍ ക്യാമ്പിലായിരിക്കും റൂറല്‍ എസ്പിയുടെ ഓഫീസ്. കഴിഞ്ഞ ദിവസമാണ് ജില്ലാ പൊലീസ് സംവിധാനത്തെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്. സിറ്റി പൊലീസ് കമീഷണറായി നിയമിതനായ ആര്‍ ഇളങ്കോ അടുത്ത ദിവസം ചുമതലയേല്‍ക്കും.

സിവില്‍സ്‌റ്റേഷന്‍ അനക്‌സില്‍ നിലവിലുള്ള എസ്പി ഓഫീസായിരിക്കും സിറ്റി പൊലീസ് കമീഷണറുടെ ഓഫീസ്. റൂറല്‍ പൊലീസ് ആസ്ഥാനം തളിപ്പറമ്പിലാണ് ഉദ്ദേശിക്കുന്നത്. തല്‍ക്കാലികമായി ജില്ലാ ആസ്ഥാനത്ത് എആര്‍ ക്യാമ്പിനോടനുബന്ധിച്ച പൊലീസ് പരിശീലന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ അറിയിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് 2018ല്‍ തന്നെ ആഭ്യന്തരവകുപ്പ് കണ്ണൂര്‍ പൊലീസ് ജില്ലാ വിഭജനം തത്വത്തില്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസവും കോവിഡ് മഹാമാരിയും കാരണം തീരുമാനം നീണ്ടു.

ആഗസ്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന പദ്ധതിയില്‍ ഇതും ഇടം നേടി. സെപ്തംബര്‍ 18ന് രണ്ട് ജില്ലകളുടെയും പ്രവര്‍ത്തനപരിധിയും തസ്തികകളും നിര്‍ണയിച്ച് ഉത്തരവായി. കേരളപ്പിറവി ദിനത്തില്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പു പശ്ചാത്തലത്തില്‍ വൈകി.

നിലവിലുള്ള നാലു സബ്ഡിവിഷനുകളില്‍ കണ്ണൂരും തലശേരിയും ഇനി സിറ്റി പരിധിയിലായിരിക്കും. ഇവിടങ്ങളിലെ ഡിവൈഎസ്പിമാര്‍ അസി. കമീഷണര്‍(എസിപി)മാരാകും. തളിപ്പറമ്പ്, ഇരിട്ടി സബ്ഡിവിഷനുകള്‍ റൂറല്‍ ജില്ലയുടെ ഭാഗമാകും. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മറ്റു ഉദ്യോഗസ്ഥരെയും സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, നര്‍ക്കോട്ടിക് സെല്‍, സൈബര്‍ സെല്‍, കണ്‍ട്രോള്‍ റൂം, വനിതാ സെല്‍ എന്നീ അനുബന്ധ യുണിറ്റുകളെയും ഇരു ജില്ലകള്‍ക്കുമായി വിഭജിച്ചുനല്‍കും.

സിറ്റി പൊലീസ് ആസ്ഥാനത്തിനായി പുതിയ കെട്ടിട നിര്‍മാണത്തിനും തുടക്കംകുറിച്ചു. നൂറുദിന പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു. സൗകര്യപ്രദമായ സ്ഥലം ലഭ്യമായാലുടന്‍ റൂറല്‍ പൊലീസ് ആസ്ഥാനമന്ദിര നിര്‍മാണവും ആരംഭിക്കും. 1957 ജനുവരി ഒന്നിനാണ് കണ്ണൂര്‍ പൊലീസ് ജില്ല നിലവില്‍ വന്നത്. വി സുബ്രഹ്മണ്യമായിരുന്നു ആദ്യ എസ്പി.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ നവനീത് ശര്‍മ്മ 2014 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് നേടിയശേഷം സിവില്‍ സര്‍വീസ് രംഗത്തേക്കു തിരിയുകയായിരുന്നു. 2013ല്‍ റെയില്‍വേ സര്‍വീസില്‍ നിയമനം ലഭിച്ചു. അടുത്തവര്‍ഷം വീണ്ടുമെഴുതി ഐപിഎസ്. അട്ടപ്പാടി എഎസ്പിയായും തൃശൂരില്‍ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റായും പ്രവര്‍ത്തിച്ചു. കോവിഡ് കാലത്ത് കണ്ണൂരില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

സുശീല്‍ ശര്‍മയുടെയും സൂസി ശര്‍മയുടെയും മകനാണ്. ഭാര്യ അസ്ത സ്‌നേഹ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ് മകന്‍: സ്‌കന്ദ. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ക്രമസമാധാനപാലനത്തിനായിരിക്കും മുന്‍ഗണനയെന്ന് എസ്പി പറഞ്ഞു. ഒരു മാസത്തിനകം സ്വന്തമായി ആസ്ഥാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.കണ്ണൂരിന്റെ മലയോര പ്രദേശങ്ങളില്‍ കടുത്ത മാവാേയിസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ജില്ലാ പൊലിസിനെ വിഭജിച്ചത്.

ഇതുകൂടാതെ സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ രാഷ്ട്രീയ അക്രമം നടക്കുന്ന ജില്ലകളിലൊന്നുമാണ് കണ്ണൂര്‍. നേരത്തെ യതീഷ് ചന്ദ്ര പൊലിസ് മേധാവിയായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഈ പ്രൊപ്പൊസല്‍ സര്‍ക്കാരിന് മുന്‍പില്‍ വെച്ചത്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ ക്രമസമാധാന പാലനത്തിന് സേനയില്‍ ആള്‍ക്ഷാമം നേരിടുന്നുവെന്ന പരാതിയുമുണ്ടായിരുന്നു. കണ്ണൂരിന്റെ മലയോര മേഖലയില്‍ തണ്ടര്‍ ബോള്‍ട്ടാണ് മാവോവാദികള്‍ക്കായി തിരിച്ചില്‍ നടത്തുന്നത്.

English summary
Navaneet Sharma Navaneet sharma posted as new Kannur rural police commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X