വാർഷിക പദ്ധതി സമർപ്പിച്ചില്ല: വഴിമുട്ടി കണ്ണൂർ കോർപറേഷൻ ഭരണം, തിരിച്ചടിയായത് ലോക്ക്ഡൌൺ
കണ്ണൂർ: ഭരണ-പ്രതിപക്ഷ രാഷ്ട്രീയ വടംവലിയുടെ സിരാ കേന്ദ്രമായ കണ്ണുർ കോർപറേഷനിൽ ഭരണം വഴിമുട്ടുന്നു. മേയർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് ലോക്ക് ഡൗൺ കാരണം മെയ് മൂന്നിലേക്ക് മാറ്റി വെച്ചതോടെ ഭരണതലത്തിൽ നടപടികളൊന്നും നടക്കുന്നില്ല. കഴിഞ്ഞ കുറെക്കാലമായി കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം ചേർന്നാൽ അത് ബഹളത്തിലും പ്രതിപക്ഷ ബഹിഷ്കരണത്തിലുമാണ് കലാശിക്കുന്നത്. അതു കൊണ്ട് തന്നെ 2020-20 21 പദ്ധതികളുടെ ബഡ്ജറ്റും വികസന സെമിനാറും നടത്തിയെങ്കിലും വാർഷിക പദ്ധതി ആവിഷ്കരിക്കാൻ കഴിഞ്ഞില്ല.
മറ്റു തദ്ദേശസ്ഥാപനങ്ങളുടെ വാര്ഷികപദ്ധതികള്ക്കാവട്ടെ ജില്ലാ ആസൂത്രണ ബോര്‍ഡ് അനുമതി യും നല്കി കഴിഞ്ഞു. നേരത്തെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇവയ്ക്ക് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ അനുമതിയും നല്‍കിയിട്ടുണ്ട്. ഇതേസമയം രാഷ്ട്രീയ പോരിൽ. ആടിയുലഞ്ഞ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തു നിന്നും പി കെ രാഗേഷ് പുറത്തായത് ഭരണസമിതിക്ക് തിരിച്ചടിയായി.ഇതോടെ ഭരണത്തിന്റെ മുൻപോട്ട് പോക്ക് നിലച്ചു. സാധാരണയായി ഡെപ്യൂട്ടി മേയാണ് വാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്നത്. എന്നാൽ എൽഡിഎഫ് ചേരിയിൽ നിന്നും ഭരണം വീഴ്ത്തി മറുകണ്ടം ചാടിയ പി കെ രാഗേഷിനെ മുസ്ലിം ലീഗ് വിമതന്റെ പിൻതുണയോടെ വീഴ്ത്താൻ കഴിഞ്ഞതോടെ ഭരണത്തിന് നാഥനില്ലാക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു.

കണ്ണൂർ കോർപറേഷനെതിരെ പ്രതിപക്ഷം മാത്രമല്ല എൽഡിഎഫ് സർക്കാരും വൈര്യ നിര്യാതനബുദ്ധിയോടെ പെരുമാറുന്നുവെന്ന് യുഡിഎഫ് ഭരണത്തിലേറിയതു മുതൽ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ്. ഇക്കാര്യം മേയർ സുമാ ബാലകൃഷ്ണൻ കൗൺസിൽ യോഗത്തിൽ തന്നെ പലവട്ടം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഇതോടൊപ്പം ഭരണത്തിന്റെ താളം തെറ്റിക്കുന്നതിനായി പ്രതിപക്ഷം
യോഗം ചേരാനോ തീരുമാനങ്ങള്‍ കൈക്കൊള്ളാനോ അനുവദിച്ചില്ലെന്നും ഇതോടെയാണ് കോര്പറേഷന് പദ്ധതി സമര്‍പ്പിക്കാന്‍ കഴിയാതെവന്നതെന്നും ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു.
എന്നാല്‍ കഴിഞ്ഞവര്‍ഷം പദ്ധതി പൂര്‍ത്തിയാക്കിയ വകയില്‍ കോര്പറേഷന് സമര്‍പ്പിച്ച 9.5 കോടിയുടെ ബില്ല് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും തുക അനുവദിച്ചില്ലെന്നും പിന്നെ എങ്ങനെ പുതിയ പദ്ധതി സമര്‍പ്പിക്കുമെന്നുമാണ് നഗരസഭ ഭരണാധികാരികള്‍ ചോദിക്കുന്നത്. നിലവിലുള്ള പദ്ധതികള്‍ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തണമോ, അല്ല നിലവിലുള്ള പദ്ധതിയുടെ തുക പ്രത്യേകമായി സര്‍ക്കാര്‍ അനുവദിച്ചുതരുമോ എന്നു വ്യക്തമാകാതെ എങ്ങനെ വാര്‍ഷികപദ്ധതി സമര്‍പ്പിക്കുമെന്നും ഭരണപക്ഷം ചോദിക്കുന്നു. ഇനി കോര്പറേഷന് വാര്‍ഷികപദ്ധതി സമര്‍പ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിക്കണം.
ഒരാളുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗം പോലും മാന്യമായി ചേരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ബജറ്റവതരണത്തില്പ്പോലും ഇതു വ്യക്തമായതാണ്. ഡപ്യൂട്ടി മേയര്‍ പോലുമില്ലാത്ത കോര്‍പറേഷനില്‍ കൗണ്‍സില്‍ ചേരാനാകാതെ എങ്ങനെ പദ്ധതി സമര്‍പ്പിക്കുമെന്നാണ് ഭരണപക്ഷം ചോദിക്കുന്നത്. എന്നാല്‍ വാർഷിക പദ്ധതി സമര്‍പ്പിക്കാത്ത ഏക കോര്‍പറേഷനാണ് കണ്ണൂരെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കണ്ണൂര്‍ കോര്പറേഷന് കഴിഞ്ഞ മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫിനാന്‍സ് കമ്മീഷന് ഗ്രാന്റായ നാലുകോടി രൂപയില്‍ ഒരുതുകപോലും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രസ്തുത ഗ്രാന്റ് അനുവദിക്കാതെ സംസ്ഥാനസര്‍ക്കാര്‍ ഇതു വകമാറ്റുകയോ മറ്റോ ചെയ്തുവെന്നാണ് ആരോപണം.












Click it and Unblock the Notifications