കെ.പി.സി.സി പ്രസിഡൻ്റാവാൻ ആരും തന്നോട് സംസാരിച്ചിട്ടില്ലെന്ന് കെ.സുധാകരൻ
തലശേരി: കെപിസിസി അധ്യക്ഷനാകുന്നതിന് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്ന് കെ.സുധാകരൻ എം.പി.നടാലിലെ സ്വവസതിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ ഹൈക്കമാൻഡോ മറ്റാരോ തന്നോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിൽ കാണുന്ന വിവരം മാത്രമാണ് തനിക്കുള്ളത്.കെ.പി.സി.സി അധ്യക്ഷനാകാൻ ആരോടും അങ്ങോട്ടു പോയി ആവശ്യപ്പെടില്ലെന്നും സുധാകരൻ പറഞ്ഞു.

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ കോൺഗ്രസിൽ ജനാധിപത്യ സ്വഭാവം അറ്റുപോയിട്ടില്ലെന്നാണ് തെളിയിക്കപ്പെട്ടത്.പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയോഗിച്ചതിൽ താനും അനുകൂലിക്കുന്നു.കോൺഗ്രസിലെ തലമുറ കൈമാറ്റം പാർട്ടിയിലെഏറെ കാലത്തെ ആവശ്യങ്ങളിലൊന്നാണ്. കോൺഗ്രസിലേക്ക് യുവതലമുറയെ ആകർഷിക്കാൻ വി.ഡി സതീശൻ്റെ നേതൃത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. നിയമ സാമാജികനെന്ന നിലയിൽ കഴിവു തെളിയിച്ച വ്യക്തിത്വമാണ് വി.ഡി സതീശൻ്റെത്.പാർട്ടിയെ ഗ്രുപ്പിനതീതമായി നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഗ്രുപ്പുകൾക്കതീതമായി പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയണം.ഗ്രൂപ്പിനതീതമായി ചിന്തിക്കുന്ന ഒരാളെ പ്രതിപക്ഷ നേതാവാക്കിയത് കോൺഗ്രസ് പാർട്ടിക്ക് തന്നെ ഗുണം ചെയ്യും.
ഈ കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ തീരുമാനം സ്വാഗതാർഹമാണ് പുതുതലമുറയെ കോൺഗ്രസിനൊപ്പം കൊണ്ടുവരുന്നതിനാണ് പാർട്ടി ശ്രമിക്കേണ്ടത്. അകന്നുപോയ ജനവിഭാഗങ്ങളെ അടുപ്പിക്കാൻ ശ്രമിക്കണം.വി ഡി സതീശൻ കരുത്തനായ നേതാവാണ്. ആരുടെയും നോമിനിയായല്ല സതീശൻ്റെ നിയമനം.എന്നാൽ രമേശ് ചെന്നിത്തല കഴിവുള്ള പ്രതിപക്ഷ നേതാവായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. തലമുറ കൈമാറ്റം വേണമെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം എം.എൽ.എമാരും ആവശ്യപ്പെട്ടത്.അതാണ് ഹൈക്കമാൻഡ് സ്വീകരിച്ചതെന്നും സുധാകരൻ പറഞ്ഞു.പാർട്ടിക്കുള്ളിൽ മാത്രമല്ല പൊതു സമുഹത്തിലും വി.ഡി സതീശന് പൊതു സ്വീകാര്യതയുണ്ട്. ഇത് പാർട്ടിക്കായി ഉപയോഗപ്പെടുത്തണമെന്നും കെ.സുധാകരൻ വ്യക്തമാക്കി.താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് ഉചിതമായ കാര്യമാണെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications