ജയിൽ മോചനത്തിന് പിന്നാലെ കൊലവിളി പ്രകടനം:കണ്ണൂരിൽ 23 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
മയ്യിൽ: ജയിൽ മോചിതരായവരെ ആനയിച്ചുകൊണ്ട് മയ്യിൽ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ചെറുപഴശിയിൽ പ്രകടനം നടത്തിയവരെ തള്ളിപ്പറഞ്ഞ് സിപിഎം ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ. നേരത്തെ നിശ്ചയിച്ച മുദ്രാവാക്യങ്ങളെഴുതിയല്ല പ്രകടനം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ മയ്യിൽ പഞ്ചായത്തുകാരനല്ല പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്നത് സിപിഎമ്മിൻ്റെ ശൈലിയല്ലെന്നും ഈ വിഷയത്തിൽ പാർട്ടി അംഗങ്ങൾക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് സി.പി.എം മയ്യിൽ ഏരിയാ സെക്രട്ടറി വ്യക്തമാക്കി.
ഇതിനിടെ പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ചതിന് 24 സിപിഎം പ്രവർത്തകർക്കെതിരേ മയ്യിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. മയ്യിൽ പ്രദേശത്തെ സിപിഎം പ്രവർത്തകരായ കെ.പി. ബാലകൃഷ്ണൻ, സിപി നാസർ, കെ ബാബുരാജ്, പികെ ബിജു, ഷാഹിദ് അഹമ്മദ്, കെകെ ഫായിസ്, സിപി സിദ്ദീഖ്, കെ കെ മുഹമ്മദ്, റബീഹ്, കെകെ മനാഫ്, ജിവി അനീഷ്, അമീർ, രാഹുൽ, കണ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേർക്കെതിരേയുമാണ് മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് പ്രകോപനപരമായ രീതിയിൽ മയ്യിൽ ചെറുപഴശിയിൽ സിപിഎം പ്രവർത്തകർ കൊലവിളിയുമായി തെരുവിലിറങ്ങിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്കൂൾ ബൂത്ത് ഏജന്റ് പിപി സുബൈറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിപിഎം മയ്യിൽ ചെറുപഴശ്ശിയിൽ നൽകിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. റിമാൻഡിൽ കഴിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങിയവരെ രക്ത ഹാരമണിയിച്ചു റോഡിലൂടെ ആനയിച്ചാണ് സ്വീകരണ കേന്ദ്രത്തിലെത്തിച്ചത്. ഇതിനിടെയിലാണ് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. പാണക്കാട്ടിൽ പോകേണ്ട ട്രെയിനിംഗൊന്നും കിട്ടേണ്ട ഓർത്തു കളിച്ചോ തെമ്മാടികളെ കൊല്ലേണ്ടോനെ കൊല്ലും ഞങ്ങൾ തല്ലേണ്ടോനെ തല്ലും ഞങ്ങൾ കൊന്നിട്ടുണ്ടീ പ്രസ്ഥാനം' എന്നായിരുന്നു മുദ്രാവാക്യം.
സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി മയ്യിൽ പോലീസിൽ നൽകിയ പരാതിയിലാണ് മയ്യിൽ പൊലിസ്കേസെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ലഹളയുണ്ടാക്കാൻ ശ്രമം നടത്തിയതിനും ജീവഹാനിയുണ്ടാക്കുമെന്ന് ഭീഷണി മുഴക്കിയതിനുമാണ് കേസെടുത്തത്.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മയ്യിൽ പ്രദേശത്ത് മന:പൂർവ്വം അക്രമമുണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി ആരോപിച്ചു. മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ നടന്ന കൊലവിളി പ്രകടനത്തിൽ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീംചേലേരിയും പ്രതിഷേധിച്ചു ഞായറാഴ്ച നടന്ന പ്രകടനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.ഇതിനെ അനുകൂലിച്ച് സൈബർ സഖാക്കൾ രംഗത്തു വന്നതോടെ മറ്റു എതിർ പാർട്ടിക്കാരും വിമർശനങ്ങളുമായി രംഗത്തു വരികയായിരുന്നു.












Click it and Unblock the Notifications