കുടിയാൻമലയിൽ ബാലികയെ പീഡിപ്പിച്ച കേസ്: വയോധികൻ റിമാൻഡിൽ
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമവും പെരുകുന്നു. ജില്ലയുടെ മലയോര പ്രദേശമായ ആലക്കോട് കുടിയാന്‍മലയില്‍ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിലായി. ആക്കാട്ട് ജോസാണ് (60) റിമാൻഡിലായത്. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നുവെന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ്. രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് കേസ് അട്ടിമറിക്കുന്നുവെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. നവംബര്‍ 19നാണ് അയല്‍ക്കാരനായ ആക്കാട്ട് ജോസിനെതിരേ കുട്ടിയുടെ കുടുംബം കുടിയാന്‍മല പോലീസില്‍ പരാതി നല്‍കിയത്. റബ്ബഡ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കടന്ന് 12കാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി വിശദമായ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് കുടുംബം പരാതിയുമായി തളിപ്പറമ്പ് ഡിവൈ.എസ്.പിയെ സമീപിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഡിവൈഎസ്പിയും കണ്ണൂര്‍ എസ്.പിയും ഇടപെട്ട് ഉടന്‍ അറസ്റ്റുണ്ടാകണമെന്ന് കുടിയാന്‍മല പോലിസിന് നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതേസമയം മലയോര മേഖലയിൽ തന്നെ മറ്റൊരു സംഭവത്തിൽ മകളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയ്ക്കും കാമുകനുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. വയക്കര സ്വദേശിനിയായ 16 കാരിയുടെ പരാതിപ്രകാരമാണ് ചെറുപുഴ പോലീസ് കേസെടുത്തത്. കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി 10-ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്വന്തം വീട്ടിൽ വച്ചാണ് അമ്മയുടെ കാമുകന്റെ പീഡനത്തിനിരയായത്. പെൺകുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും സംഭവം ആരോടും പറയരുതെന്ന് അമ്മ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബന്ധുക്കളോട് ഇക്കാര്യം പറയുകയും ബന്ധുക്കളുടെ നിർദേശപ്രകാരം ചെറുപുഴ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.