കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, പൂർണ ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി അടക്കം രണ്ട് പേര്‍ മരിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് ദുരന്തം. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് വെന്തുമരിച്ചത്. കാറില്‍ രണ്ട് കുട്ടികള്‍ അടക്കം ആറ് പേരാണ് ഉണ്ടായിരുന്നത്. പൂര്‍ണഗര്‍ഭിണി ആയിരുന്നു റീഷ. മാരുതി കാറിന്റെ മുന്‍ സീറ്റില്‍ ആയിരുന്നു പ്രജിത്തും റീഷയും ഇരുന്നിരുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പിറകിലെ സീറ്റില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയുമുണ്ട്. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ദാരുണമായ മരണത്തിന് കീഴടങ്ങിയത്.
കാറില്‍ നിന്നും തീ ഉയരുന്നത് കണ്ട് മറ്റ് വാഹനങ്ങളില്‍ ഉളളവരാണ് അക്കാര്യം ചൂണ്ടിക്കാട്ടിയത്. വളരെ പെട്ടെന്നാണ് തീ പടര്‍ന്ന് പിടിച്ചത്. അതിനിടെ പുറകിലെ ഡോര്‍ തുറക്കാന്‍ സാധിച്ചത് കൊണ്ട് നാല് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്താന്‍ സാധിച്ചു. എന്നാല്‍ മുന്‍വശത്തെ ഡോര്‍ ജാമായിരുന്നത് കാരണം തുറക്കാന്‍ സാധിച്ചില്ല. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് തൊട്ടടുത്ത് വെച്ചായിരുന്നു ഈ ദുരന്തം.
കാറിന്റെ വലത് സൈഡില്‍ തീ ആളിക്കത്തുന്നതാണ് തങ്ങള്‍ ആദ്യം കണ്ടതെന്ന് അപകടത്തിന് ദൃക്‌സാക്ഷിയായ നാട്ടുകാരന്‍ പറയുന്നു. മുന്‍വശത്തെ സീറ്റിലിരുന്നയാള്‍ സഹായത്തിന് വേണ്ടി വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തീ ആളിപ്പടര്‍ന്നത് കാരണം ഒന്നും ചെയ്യാനായില്ല. തൊട്ടടുത്ത ഫയര്‍ സ്റ്റേഷനിലേക്ക് ഒരാള്‍ ഓടിപ്പോയി കാര്യം പറഞ്ഞു. അവര്‍ പെട്ടെന്ന് തന്നെ എത്തിയെങ്കിലും അപ്പോഴേക്ക് തീര്‍ന്നിരുന്നു. ഗര്‍ഭിണിക്ക് പ്രസവ വേദന കാരണം അടിയന്തരമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെന്നും ദൃക്‌സാക്ഷി പറയുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications