ആദിവാസി യുവതിക്ക് കൊവിഡ് ബാധിച്ചത് കുടകിൽ നിന്ന് മടങ്ങി വന്നയാളിൽ നിന്നെന്ന് നിഗമനം
ഇരിട്ടി: വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴ ആദിവാസി കോളനിയിലെ യുവതിക്ക് കൊവിഡ് ബാധിച്ചത് കർണാടകയിൽ നിന്നും മടങ്ങി വന്നയാളിൽ നിന്നും സൂചന. ഗർഭിണിയായ യുവതിയെ അയൽവാസികളും ബന്ധുക്കളുമായി നിരവധി പേർ സന്ദർശിച്ചിരുന്നു. അക്കൂട്ടത്തിൽ കുടക് ജില്ലയിൽ കൃഷി പണിക്ക് പോയ ആളുമുണ്ട്. ഇതോടെ യുവതിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്.
അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ ആദിവാസി യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കരിക്കോട്ടക്കരി മേഖല കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കൂമൻതോട്, കരിക്കോട്ടക്കരി, വലിയ പറമ്പുംകരി, ഈന്തുങ്കരി, എടപ്പുഴ എന്നീ അഞ്ച് വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ പെടുക. ഇന്നലെ രാത്രി തന്നെ പഞ്ചായത്ത് സുരക്ഷാസമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

യുവതിക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും കോളനി നിവാസികൾ യുവതിയെ കാണാൻ വേണ്ടി പോയിട്ടുണ്ട്. ഇതോടെ നിരവധി പേർക്ക് സമ്പർക്കം ഉണ്ടായതായാണ് സംശയിക്കുന്നത്. കർശനമായ മുൻകരുതൽ സ്വീകരിക്കാനാണ് സുരക്ഷാ സമിതിയുടെ തീരുമാനം. പോലീസ് രാത്രി തന്നെ കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നും കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും അവശ്യ സാധനങ്ങൾക്കും മറ്റും ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്നും നിർദേശം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ , വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, മെഡിക്കൽ ഓഫീസർ ഡോ.കെ. ദിവ്യ, കരിക്കോട്ടക്കരി സിഐ പി. ആർ സുനു, അയ്യങ്കുന്ന് വില്ലേജ് അസിസ്റ്റന്റ് സാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇതിനിടെ വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവര്‍ 14 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തിന് ശേഷം വീട്ടിലും 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷ് നിർദേശിച്ചു. 14 ദിവസത്തിന് ശേഷവും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നത് കൊണ്ടും വരുന്നവരില്‍ പലരും ഹൈ റിസ്ക് ഏരിയയില്‍ നിന്നുള്ളവരാണ് എന്നത് കൊണ്ടുമാണ് 28 ദിവസത്തെ നിരീക്ഷണ കാലാവധി നിര്‍ബന്ധമായും വേണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശവും പുറപ്പെടുവിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications