കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പൊലീസിന്റെ നിയന്ത്രണം പാര്‍ട്ടി കമ്മിറ്റിക്ക്'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍

Google Oneindia Malayalam News

കണ്ണുര്‍: കേരളത്തില്‍ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും വര്‍ധിച്ചുവരുന്നത് ആഭ്യന്തരവകുപ്പും പൊലീസ് മേധാവികളും നോക്കി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.കണ്ണുര്‍ ഡി.സി.സി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊലീസ് സേനയുടെ പൂര്‍ണമായ നിയന്ത്രണം പാര്‍ട്ടി കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുകയാണ്. പഴയകാലത്തെ സെല്‍ഭരണത്തിലേക്ക് തിരിച്ചുപോകാനാണ് ശ്രമം. പൊലീസ് മേധാവികള്‍ പറഞ്ഞാല്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ കേള്‍ക്കാത്ത സ്ഥിതിയാണ്.

ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നത് സി.പി.എം ആണെന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ആലപ്പുഴയില്‍ വര്‍ഗീയ പശ്ചാത്തലമുള്ള കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം മറ്റൊരു കൊലപാതകം കൂടി നടന്നു. അത് ഒഴിവാക്കാനുള്ള ഇന്റലിജന്‍സ് സംവിധാനം പൊലീസിനില്ല. അനാവശ്യമായ ഇടപെടലുകള്‍ സി.പി.എം നടത്തുന്നതാണ് പൊലീസിനെ പരിതാപകരമായ ഈ അവസ്ഥയിലെത്തിച്ചത്. ഹൈക്കോടതി നിരന്തരം പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിക്കുകയാണ്. പൊലീസ് ഇത്രമാത്രം വിമര്‍ശനം ഏറ്റുവാങ്ങിയ ഒരു സാഹചര്യം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. സംസ്ഥാനത്ത് രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. പണ്ട് കണ്ണൂരില്‍ മാത്രമുണ്ടായിരുന്ന കൊലപാതകം തെക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

IM

അഭിമന്യൂ കൊലക്കേസില്‍ ഉള്‍പ്പെട്ട എസ്.ഡി.പി.ഐക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലക്കേസില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ്. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫ് ഭരണം താഴെയിറക്കാന്‍ എസ്.ഡി.പി.ഐയുമായി കൂട്ടുകൂടി. കോട്ടയത്ത് ബി.ജി.പിയുമായി ചേര്‍ന്നു. ഒരേ സമയം എസ്.ഡി.പി.ഐയുമായും ബി.ജെ.പി.യുമായും കൂട്ടുകൂടുന്ന സി.പി.എം യു.ഡി.എഫിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരു പോലെ യു.ഡി.എഫ് എതിര്‍ക്കും. ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും നിലനില്‍പ്പ് പരസ്പരം അക്രമമുണ്ടാക്കുന്നതിലൂടെയാണ്. ഇരു സംഘടനകളും പരസ്പരം പാലൂട്ടി വളര്‍ത്തുകയാണ്. കേരള രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാനാണ് ഇവര്‍ വളഞ്ഞ വഴി സ്വീകരിക്കുന്നത്. പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് കേരളം പോകും.

സംസ്ഥാനത്തെപൊലീസ് ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ക്രിമിനല്‍ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. പാലക്കാട്, പാളയത്ത് ആറു വര്‍ഷമായി ബി.ജെ.പി ഗുണ്ടകള്‍ കോണ്‍ഗ്രസ് നേതാക്കളെ ആക്രമിക്കുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ അന്വേഷിക്കാന്‍ പൊലീസ് തയാറായിട്ടില്ല. രമ്യ ഹരിദാസിനെതിരായ വധഭീഷണിയിലും പൊലീസ് അന്വേഷണം നടത്താന്‍ തയാറായിട്ടില്ല. പൊലീസിനെസി.പി.എമ്മിന്റെ ജില്ലാ ഏരിയാ ഘടകങ്ങള്‍ നിയന്ത്രിക്കുകയാണ്. അനാവശ്യമായ ഇടപെടലുകളിലൂടെ പൊലീസ് സംവിധാനത്തെ സി.പി.എം ദുര്‍ബലപ്പെടുത്തുകയാണ്.

ബലപ്രയോഗത്തിലൂടെ കെ-റെയിലിനു വേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. സുതാര്യമല്ലാത്ത പദ്ധതിക്കെതിരെ രൂക്ഷമായ എതിര്‍പ്പാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വരാനിരിക്കുന്ന തലമുറകളുടേ മേല്‍ പോലും കടബാധ്യത അടിച്ചേല്‍പ്പിക്കുന്ന പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടുകയാണ്. അനാവശ്യ ധൃതിക്ക് പിന്നില്‍ ദുരൂഹതയുണ്ട്. കെ- റെയിലിന് എതിരായ രണ്ടാം ഘട്ട സമരം യു.ഡി.എഫ്. അടുത്ത ദിവസം പ്രഖ്യാപിക്കും. ജനപക്ഷത്ത് നിന്നുകൊണ്ടാണ് ഈ പദ്ധതിയെ യു.ഡി.എഫ് എതിര്‍ക്കുന്നത്.

പദ്ധതിയെ അനുകൂലിച്ചു കൊണ്ട് പറഞ്ഞിട്ടില്ല പഠിക്കട്ടേയെന്നാണ് ശശി തരൂര്‍ പറഞ്ഞത്. വിശദമായ പഠനം നടത്തിയാണ് യു.ഡി.എഫ് ഇക്കാര്യത്തില്‍ നിലപാടെടുത്തത്. എം.കെ മുനീര്‍ കമ്മിറ്റി നാലു ഹിയറിങുകള്‍ നടത്തി. അതിനു ശേഷം എല്ലാ ഘടകകക്ഷികളും ചര്‍ച്ച ചെയ്താണ് കെ റെയിലിനെതിരെ നിലപാടെടുത്തത്. പാരിസ്ഥിതികമായി തകര്‍ക്കുകയും സാമ്പത്തികമായി നട്ടംതിരിക്കുകയും ചെയ്യുന്ന കെ- റെയില്‍ പദ്ധതിയെക്കുറിച്ച് രണ്ട് മണിക്കൂര്‍ നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും അതിന് സര്‍ക്കാര്‍ തയാറാകാത്തത് ഒളിച്ചുവയ്ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ്. നിയമസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ എന്തും നടപ്പാക്കാമെന്നാണോ? എന്തു സുതാര്യതയാണ് ഈ പദ്ധതിക്കുള്ളത്? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? അധികാരം കൈയ്യിലുണ്ടെങ്കില്‍ കേരളത്തില്‍ എന്തും നടത്താമെന്നു കരുതിയോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കണ്ണുര്‍ സര്‍വകലാശാലാ വിവാദത്തില്‍ ഗവര്‍ണര്‍ വേറെ വക്കീലിനെ വയ്ക്കണം. എ.ജി എങ്ങനെയാണ് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും വേണ്ടി ഹാജരാകുന്നത്. ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചാണ് ഈ പണി ചെയ്തത്. ഇപ്പോള്‍ രണ്ടായി. കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത് തെറ്റാണെന്ന് പ്രതിപക്ഷം ആദ്യമെ ചൂണ്ടിക്കാട്ടിയതാണ്. മന്ത്രി കത്തെഴുതി വി.സിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി റദ്ദാക്കിയത് നിയമവിരുദ്ധമാണ്. സെര്‍ച്ച് കമ്മിറ്റി തെരഞ്ഞെടുക്കാത്തയാളെ വി.സിയാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത് കത്ത് നല്‍കിയതും തെറ്റാണ്. ഒരു നിമിഷം പോലും ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരിക്കാന്‍ ആര്‍ ബിന്ദു യോഗ്യയല്ല. അമിതമായ അധികാരങ്ങള്‍ സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ ഇല്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ട് അതേക്കുറിച്ച് ഒന്നും പറയാന്‍ മന്ത്രി തയാറാകുന്നില്ല. മന്ത്രിക്ക് അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. മന്ത്രിസഭയിലെ എല്ലാവരും മുഖ്യമന്ത്രിക്ക് പഠിക്കുകയാണ്. ഗുരുതരമായ വിഷയം ഉണ്ടായിട്ടും പറയാന്‍ സൗകര്യമില്ലെന്നതാണ് മന്ത്രിയുടെ നിലപാടെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

English summary
vd-satheeshan-criticise-government-in-kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X