കോടികളുടെ വിസാ തട്ടിപ്പ്, ഒരുവര്‍ഷത്തിന് ശേഷം പ്രതികള്‍ കീഴടങ്ങി
തളിപ്പറമ്പ്: കുപ്രസിദ്ധമായ വീസാ തട്ടിപ്പുകേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.യു.കെ വീസാ തട്ടിപ്പിനിരയായി ജീവനൊടുക്കേണ്ടി വന്ന വയനാട് സ്വദേശി അനൂപ് ടോമിയുള്‍പ്പെടെ നിരവധി പേര്‍ക്ക് വീസാ വാഗ്ദ്ധാനം ചെയ്തു കോടികള്‍ തട്ടിയ കേസിലെ പ്രതികളായ പുളിപ്പറമ്പില്‍ കരിക്കാപ്പാറയില്‍ താമസിക്കുന്ന കണ്ണപ്പിലാവ് സ്വദേശികളായ സഹോദരങ്ങളായ കിഷോര്‍ കുമാറും കിരണ്‍ കുമാറുമാണ് ബുധനാഴ്ച്ച വൈകുന്നേരം തളിപറമ്പ് കോടതിയില്‍ കീഴടങ്ങിയത്.
ഇവര്‍ തളിപറമ്പ് ചിറവക്കില്‍ സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ട്ടന്‍സിയെന്ന പേരില്‍ നടത്തിയ സ്ഥാപനത്തിന്റെ പേരില്‍ നടത്തിയ സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. നൂറിലേറെ പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. 2021-ല്‍ തുടങ്ങിയ സ്ഥാപനം യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടണ്‍, ബെല്‍ജിയം, തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

വീസക്കായി പണം നല്‍കിയ ബത്തേരി തൊടുവട്ടി സ്വദേശി മൂത്തേടത്ത് അനൂപ് ടോമി(26) 2022ഡിസംബര്‍ 31-ന് എറണാകുളത്ത ജീവനൊടുക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇവരുടെ തട്ടിപ്പുകള്‍ പുറം ലോകമറിയുന്നത്. യുകെ, ബെല്‍ജിയം വീസ വാഗ്ദാനം ചെയ്ത പ്രതികള്‍ 2022- ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള കാലയളവില്‍ അനൂപില്‍ നിന്നും 6.5 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇവര്‍ക്കെതിരെ പത്തുപരാതികളാണ് തളിപറമ്പ് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
യുകെയില്‍ ജോലി വാഗ്ദ്ധാനം ചെയ്തു ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ ഡാനി തോമസില്‍ നിന്നും 6.50 ലക്ഷം രൂപയും കേളകം അടയ്ക്കാത്തോടിലെ എബി എബ്രഹാമില്‍ നിന്ന് 5.75ലക്ഷവും കൂത്തുപറമ്പ് ആമ്പിലാട്ടെ എന്‍. വി പ്രശാന്തിയില്‍ നിന്നും ആറുലക്ഷവും വാങ്ങിയിരുന്നു.
ബെല്‍ജിയത്തിലേക്ക് ജാേലി വാഗ്ദ്ധാനം ചെയ്തു കാസര്‍കോട് പാലവയല്‍ സ്വദേശിയില്‍ നിരത്തുതോട്ടിലെ ജോയറ്റ് ജോസഫില്‍ നിന്നും അഞ്ചേുമുക്കാല്‍ ലക്ഷവും ചെറുപുഴ പുളിങ്ങോത്തെ എടവരമ്പ് ഓലിക്കല്‍ വീട്ടില്‍ റിജുവര്‍ഗീസില്‍ നിന്നും 5.80ലക്ഷം രൂപയും പേരാവൂര്‍ തെറ്റുവഴിയിലെ പൂത്തോട്ടു കുന്നേല്‍ ആല്‍ബിന്‍ ജോര്‍ജില്‍ നിന്നും 5.70ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തുവെന്നാണ് പരാതി.
സംസ്ഥാനത്താകമാനം നൂറുകണക്കിന് പേരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് പ്രതികള്‍ കബളിപ്പിച്ചു കൈക്കലാക്കിയത്. പരിയാരം, പയ്യന്നൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ സമാനമായ രീതിയില്‍ കേസുകളുണ്ട്. ഈ സ്ഥാപനം തുടങ്ങി കുറച്ചു മാസങ്ങള്‍ക്കു ശേഷം ഇവര്‍ക്കെതിരെ പരാതിയുയര്‍ന്നുവെങ്കിലും അതുകാര്യമായി പൊലിസ് എടുക്കാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിച്ചതെന്ന ആരോപണവുമുണ്ട്.
പ്രതികളുടെ ഉന്നതതല ബന്ധങ്ങളാണ് അറസ്റ്റു ചെയ്യാതിരിക്കാനുളള കാരണമായി മാറിയതെന്നാണ് ഇടപാടുകാര്‍ പറയുന്നത്. ഇതിനിടെയാണ് ഒരു വര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങിയ പ്രതികള്‍ റിമാന്‍ഡിലായത്.












Click it and Unblock the Notifications