കെ റെയില്‍ വിരുദ്ധ സമരക്കാരെ കടുത്ത രീതിയില്‍ നേരിടുമെന്ന് എംവി ജയരാജന്‍
കണ്ണൂര്‍: കെ റെയില്‍ വിരുദ്ധ സമരക്കാരെ കടുത്ത രീതിയില്‍ നേരിടാന്‍ സിപിഎം ഒരുങ്ങുന്നു. പ്രതിഷേധക്കാര്‍ കെ- റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി. ജയരാജന്‍ മുന്നറിയിപ്പു നല്‍കി.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന വഴി അടയാളപ്പെടുത്തല്‍ മാത്രമാണ് സര്‍വെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കല്ലിടല്‍ അല്ലാത്ത ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ അധികൃതര്‍ ആലോചിക്കണം. നേരിട്ട് കുറ്റിയിടുന്ന രീതി മാറ്റിയാല്‍ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കല്ല് പിഴുതെറിഞ്ഞാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സമരക്കാര്‍ കരുതേണ്ടെന്നും എംവി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ എടക്കാട് മേഖലയില്‍ കല്ലിടല്‍ തടഞ്ഞ സമരക്കാരെ നേരിടാന്‍ പ്രാദേശിക സി.പി.എം പ്രവര്‍ത്തകരിറങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരായ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് കെ. റെയില്‍ കുറ്റിയിടല്‍ തടസപ്പെടുന്നത് സി.പി.എമ്മിന് ഏറെ തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സ്ത്രീകളടക്കമുള്ളവരാണ് കെ. റെയില്‍ കുറ്റിയിടല്‍ തടഞ്ഞത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കെ. റെയില്‍ കുറ്റി സ്ഥാപിക്കാതെ അധികൃതര്‍ മടങ്ങിയിരുന്നു.
തങ്ങളുടെ വീടുകളില്‍ അനുമതിയില്ലാതെ കല്ലിട്ടുന്നുവെന്നാരോപിച്ചാണ് സ്ത്രീകളും കുട്ടികളും രംഗത്തിറങ്ങിയത്. സമരത്തെ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ പരമായി . ഉപയോഗിക്കുകയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ തന്നെ ചാലയില്‍ കെ. റെയില്‍ കുറ്റി പറിച്ചു കളയാര്‍ നേതൃത്വം നല്‍കിയിരുന്നു