10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം;4 പേരുടെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്കയച്ചു
10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ കണ്ടെത്താൻ 4 പേരുടെ ഡിഎൻഎ സാംപിൾ പോലീസ് പരിശോധനയ്ക്കയച്ചു.പെൺകുട്ടിയുടെ വസ്ത്രങ്ങളും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ ഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുള്ള നടപടികൾ.
കഴിഞ്ഞ ദിവസം ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇയാൾ വീടിന് സമീപത്തൂടെ 2.13 ന് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ലഭിച്ചത്. അതേസമയം ദൃശ്യങ്ങളിൽ മുഖം അത്ര വ്യക്തമല്ല. നേരത്തേ പീഡനക്കേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മെലിഞ്ഞ മലയാളം സംസാരിക്കുന്നയാളാണ് ഉപദ്രവിച്ചതെന്നാണ് കുട്ടി പറഞ്ഞത്. ഒച്ചവെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴി നൽകിയിരുന്നു.

ബുധനാഴ്ച പുലർച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മൂന്ന് മണിയോടെ മുത്തച്ഛൻ തൊഴുത്തിൽ പശുവിനെ കറക്കാൻ പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അടുക്കള വാതിൽ തുറന്നാണ് കുട്ടിയെ കടത്തിയത്. വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് കുട്ടി മുറിയിൽ ഇല്ലെന്ന് മുത്തച്ഛൻ അറിയുന്നത്. വീടിൻറെ 500 മീറ്റർ അകലെ കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്ന് കളയുകയായിരുന്നു. ഇവിടെ വെച്ച് ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. സ്വർണക്കമ്മലുകൾ കവർന്ന ശേഷം കുട്ടിയെ അവിടെ നിർത്തി രക്ഷപ്പെട്ടു. ഇതോടെ പേടിച്ചുവിറച്ച് കുട്ടി സമീപത്തെ വീട്ടിലെത്തി അക്രമ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ കുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെട്ടു. പോലീസിനേയും വിവരം അറിയിച്ചു.
കുട്ടിയെ കിട്ടിയപ്പോൾ ആദ്യ മോഷണ ശ്രമം ആണെന്നായിരുന്നു കരുതിയത്. കുട്ടിയുടെ ദേഹത്ത് പരിക്കേറ്റിരുന്നു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു.
നിലവിൽ 3 ഡി വൈ എസ് പിമാരുടെ നേതൃത്വത്തിൽ 26 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമാന കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഡി ഐ ജി തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി പി ബിജോയി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.


Click it and Unblock the Notifications