പുഴുവരിച്ച ചിക്കൻ വിതരണം ചെയ്തെന്ന പരാതി; ഹോട്ടലിൽ പരിശോധന നടത്തി
പുഴുവരിച്ച ചിക്കൻ വിതരണം ചെയ്ത മാലക്കല്ലിലെ ബിഗസ്റ്റ് ഫാമിലി റസ്റ്ററന്റ് ആൻഡ് കൂൾബാറിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോന നടത്തിയത്. പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇവയുടെ സാംപിൾ കോഴിക്കോട്ടെ റീജനൽ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്കയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു റെസ്റ്റോറന്റിൽ നിന്നും പുഴുവരിച്ച ഭക്ഷണം നൽകിയതായി പരാതി ഉയർന്നത്. ചിക്കൻ കറിയിലായിരുന്നു പുഴുവിനെ കണ്ടെത്തിയത്. പരാതിയെ തുടർന്ന് രാജപുരം പോലീസ് രാത്രി തന്നെ സ്ഥലത്തെത്തുകയും തുടർ പരിശോധനയ്ക്കായി ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു.

തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഫുഡ് സേഫ്റ്റി ഓഫിസർമാരായ ബിനു ഗോപാൽ, അനൂപ് ജോസ്, പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പക്ടർ ബി സി നിഷോ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഹോട്ടൽ തുറക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് കടയുടമയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.












Click it and Unblock the Notifications