ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ സി ഷുക്കൂർ ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി ഷുക്കൂർ ഉൾപ്പെടെ നാല് പേർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. പ്രതിയുടെ ഹർജിയിൽ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയുടേതാണ് നിർദ്ദേശം. ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയിൽ തനിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന് കാണിച്ച് കളനാട് കട്ടക്കാൽ ന്യൂ വൈറ്റ് ഹൗസിൽ എസ് കെ മുഹമ്മദ് കുഞ്ഞി(78)യാണ് ഹർജി നൽകിയത്.
സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ടികെ പൂക്കോയ തങ്ങൾ, മകൻ അഞ്ചരപ്പാട്ടിൽ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന പൂക്കോയ തങ്ങളും മകനും പറഞ്ഞത് അനുസരിച്ചാണ് താൻ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചതെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്നെ ഡയറക്ടർ ആക്കിയതെന്നും മുഹമ്മദ് കുഞ്ഞി ഹർജിയിൽ പറയുന്നു. തന്റെ ഒപ്പും വ്യാജമാണെന്നും ഇദ്ദേഹം ഹർജിയിൽ ആരോപിച്ചു.

ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിനായി സത്യവാങ്മൂലം സമർപ്പിച്ച സമയത്ത് താൻ വിദേശത്തായിരുന്നുവെന്ന തെളിയിക്കാൻ പാസ്പോർട്ടും മുഹമ്മദ് കുഞ്ഞി കോടതിയിൽ ഹാജരാക്കിയിയിരുന്നു. സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയത് അന്നത്തെ നോട്ടറി സി ഷുക്കൂറാണെന്നും മുഹമ്മദ് കുഞ്ഞിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. രേഖകളൊന്നും പരിശോധിക്കാതെയാണ് കേസെടുത്തതെന്നും മുഹമ്മദ് കുഞ്ഞി ഹർജിയിൽ പറഞ്ഞു.
അതേസമയം കേസെടുത്തത് താൻ അറിഞ്ഞിരുന്നില്ലെന്നും ഷഫീക്ക് വിളിച്ചപ്പോഴാണ് വിവരം അറിയിച്ചതെന്നും ഷുക്കൂർ വക്കീൽ മീഡിയ വണ്ണിനോട് പ്രതികരിച്ചു. 'വ്യാജ രേഖ നിർമ്മിക്കാൻ കൂട്ടുനിൽക്കുന്ന ആളല്ല ഞാൻ. നോട്ടറി എന്ന നിലയിൽ സർട്ടിഫിക്കേഷന് വരുമ്പോൾ ആൾക്കാരെ ഐഡന്റിഫൈ ചെയ്തതിന് ശേഷം മാത്രമേ ചെയ്ത് കൊടുക്കാറുള്ളു. മുഹമ്മദ് കുഞ്ഞിയും വന്നിട്ടുണ്ടാകാനാണ് സാധ്യത. സംഭവത്തിൽ സത്യാവസ്ഥ പോലീസ് അന്വേഷിച്ച് പുറത്തുവരട്ടെ. 2013 ൽ നടന്നൊരു സംഭവമായതിനാൽ ഓർത്തെടുക്കാൻ സാധിക്കുന്നില്ല', ഷുക്കൂർ പറഞ്ഞു.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2020 ഓഗസ്റ്റിലായിരുന്നു ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 130 കോടിയുടെ നിക്ഷേപം മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയെന്നാണ് കേസ്. ജ്വല്ലറി പ്രവർത്തിച്ചിരുന്ന നാല് ജില്ലകളായി 148 കേസുകളായിരുന്നു തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എംസി ഖമറുദ്ദീനും പൂക്കോയ തങ്ങളും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.












Click it and Unblock the Notifications