'കാസർഗോഡ് ഇത്തവണയും ചതിക്കില്ല, ഒപ്പം മലയോരവും'; വെള്ളരിക്കുണ്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത്
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിക്കായി ചുവരെഴുത്ത്. 'കാസർഗോഡ് ഇത്തവണയും ചതിക്കില്ല, ഒപ്പം മലയോരവും'എന്ന വരികളോടെ വെള്ളരിക്കുണ്ടിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥിയുടെ പേര് പരാമർശിച്ചിട്ടില്ല.
ഇത്തവണയും കാസർകോഡ് ചതിക്കില്ലെന്നും കൂടെയുണ്ട് മലയോരമെന്നും ചുവരെഴുത്തിൽ പറയുന്നു. ജില്ലയിൽ ഇതാദ്യമായാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വരും മുൻപേ ചുവരെഴുത്ത് നടത്തരുതെന്ന് എ ഐ സിസി പ്രഖ്യാപിച്ചിരുന്നു. നേരത്തേ പല മണ്ഡലങ്ങളിലും ഇത്തരത്തിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി ചുവരെഴുത്ത് ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ഐ ഐ സി സി നിർദ്ദേശം. അതിനിടയിലാണ് പേര് പരാമർശിക്കാതെയുള്ള ചുവരെഴുത്ത്.

അതേസമയം കാസർഗോഡ് മണ്ഡലത്തിൽ നിന്നും ഇക്കുറിയും രാജ്മോഹൻ ഉണ്ണിത്താൻ തന്നെയാകും യു ഡി എഫ് സ്ഥാനാർത്ഥിയായേക്കുക. സി പി എമ്മിന്റെ കോട്ടയായ കാസർഗോഡ് കഴിഞ്ഞ തവണ കൂറ്റൻ വിജയമായിരുന്നു ഉണ്ണിത്താൻ നേടിയത്. ജില്ലാ കോൺഗ്രസ് നേതൃത്വത്തെ പോലും അമ്പരപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിജയം.
തെക്ക് നിന്ന് രാജ്മോഹൻ മത്സരിക്കാൻ എത്തിയപ്പോൾ കടുത്ത എതിർപ്പായിരുന്നു തുടക്കത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം ഉയർത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. കെ പി സി സി അടക്കം ഇടപെട്ടായിരുന്നു പ്രശ്ന പരിഹാരം സാധ്യമാക്കിയത്. ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ വിജയം സ്വന്തമാക്കുകയായിരുന്നു. 40438 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ണിത്താൻ നേടിയത്.
അതേസമയം ഇത്തവണയും രാജ്മോഹൻ ഇറങ്ങുമ്പോൾ പാർട്ടിയിൽ ഉണ്ണിത്താനെതിരെ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ രാജ്മോഹൻ മത്സരിച്ചാൽ മാത്രമേ മണ്ഡലത്തിൽ വിജയം ആവർത്തിക്കാനാകൂവെന്നാണ് ഡി സി സി നിലപാടെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം ഇക്കുറി മണ്ഡലത്തിൽ സി പി എമ്മിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. കൈവിട്ട മണ്ഡലം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി.100 ശതമാനം വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ഇറക്കുന്നതിനൊപ്പം കൂട്ടായ പ്രവര്‍ത്തനവും കൊണ്ട് മണ്ഡലം തിരിച്ചുപിടിക്കാനാണ് സി പി എമ്മിലെ ആലോചന. വി പി പി മുസ്തഫ, ടി വി രാജേഷ് തുടങ്ങിയവരുടെ പേരുകളാണ് എല്‍ ഡി എഫ് പരിഗണിക്കുന്നതെന്നാണ് സൂചന.












Click it and Unblock the Notifications