'ചാത്തൻ സേവ തട്ടിപ്പ്'; 7 പവനും ഒരു ലക്ഷവും കവർന്നു, ഉപ്പള സ്വദേശിക്കെതിരെ കേസ്
കാസർഗോഡ്: മന്ത്രവാദ ചികിത്സയുടെ പേരിൽ വീട്ടിലെത്തിയയാൾ സ്വർണവും പണവും മോഷ്ടിച്ച് കടന്നെന്ന പരാതിയിൽ കാസർഗോഡ് സ്വദേശിക്കെതിരെ കേസെടുത്തു. ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കേസെടുത്തത്. പയ്യോളി ആളിക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന മദ്രസ അധ്യാപകന്റെ പരാതിയിലാണ് നടപടി. ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവുമാണ് അധ്യാപകന്റെ വീട്ടിൽ നിന്നും മോഷണം പോയത്.

നാല് മാസം മുൻപായിരുന്നു മുഹമ്മദ് ഷാഫി മദ്രസ അധ്യാപകന്റെ അടുത്തെത്തിയത്. ഇദ്ദേഹം ഒരു അപകടത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന. മാത്രമല്ല കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചിരുന്നു. ഈ പ്രയാസങ്ങൾ മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഷാഫി അധ്യാപകനടുത്ത് എത്തിയത്. തുടർന്ന് അധ്യാപകന്റെ വീടനടുത്ത് മുറിയിൽ താമസിച്ച ഷാഫി ഇയാൾക്ക് ചില്ലറ സഹായങ്ങളൊക്കെ ചെയ്തിരുന്നു.
കഴിഞ്ഞ മാസം 22 ന് നിസ്കരിക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ അധ്യാപകന്റെ വീട്ടിൽ എത്തിയത്. മുറിയ്ക്കുള്ളിൽ കയറി ഇയാൾ വാതിലടക്കുകയായിരുന്നു. തുടർന്ന് അലമാരയിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടുദിവസം കഴിഞ്ഞ് അധ്യാപകന്റെ ഭാര്യയെ വിളിച്ച ഷാഫി, അധ്യാപകന്റെ വീട്ടില്‍ നിന്ന് ചാത്തന്‍സേവയിലൂടെ ആരോ പണവും സ്വര്‍ണവും കവര്‍ന്നതായി ദിവ്യദൃഷ്ടിയില്‍ തെളിഞ്ഞെന്നും രണ്ട് ദിവസത്തിനുള്ളിൽ പണവും സ്വർണവും തിരികെ ലഭിക്കുമെന്നും പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് അലമാര തുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നത് ഇവർ തിരിച്ചറിഞ്ഞത്. ഇലന്തൂർ സംഭവം വാർത്തയായതോടെയാണ് വീട്ടുകാർ പരാതിപ്പെടാൻ തീരുമാനിച്ചത്. സംഭവത്തിൽ ഒളിവിൽ പോയ ഷാഫിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications