ലോക്സഭ തിരഞ്ഞെടുപ്പ്; ടോക്കൺ എടുത്തയാൾ പത്രിക സമർപ്പിക്കണമെന്ന് കളക്ടർ,തർക്കം; ഒടുവിൽ
കാസർഗോഡ്: ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പത്രിക സമർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥിയും ടോക്കൺ എടുത്തയാളും. ടോക്കൺ എടുത്തയാൾ തന്നെ പത്രിക സമർപ്പിക്കണമെന്ന് വരണാധികാരിയായ കളക്ടർ ഇമ്പശേഖർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തർക്കം ഒഴിവാക്കാൻ ടോക്കൺ എടുത്തയാളും സ്ഥാനാർഥിയും ഒരുമിച്ച് പത്രിക സമർപ്പിച്ചത്.
ഐ എൻ എൽ നേതാവായ അസീസായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണന് വേണ്ടി ടോക്കൺ എടുക്കാൻ എത്തിയത്. ആദ്യം ടോക്കൺ എടുത്തതും അസീസായിരുന്നു. തുടർന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴാണ് ടോക്കൺ എടുത്ത ആളാണ് പത്രിക കൈമാറേണ്ടതെന്ന് ഇമ്പശേഖർ പറഞ്ഞത്. എന്നാൽ എം വി ബാലകൃഷ്ണൻ ഇത് അംഗീകിച്ചില്ല. സാധാരണ സ്ഥാനാർത്ഥിയാണ് പത്രിക സമർപ്പിക്കുകയെന്ന് എം വി ബാലകൃഷ്ണൻ വാദിച്ചു. ഇതിന് പിന്നാലെയാണ് തർക്കം പരിഹരിക്കാൻ ഇരുവരും ചേർന്ന് പത്രിക നൽകിയത്.

അതിനിടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കളക്ടർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കളക്ടർക്കെതിരെ യു ഡി എഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ പേരിലും പരാതി നൽകിയിട്ടുണ്ട്. കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നു. അദ്ദേഹത്തെ അധികാര സ്ഥാനത്തിരുന്ന് ആരോ ഭീഷണിപ്പെടുത്തിയെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
ടോക്കൺ എടുക്കാൻ താൻ ആദ്യം വന്നിട്ടും എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി നടപടിക്രമം അട്ടിമറിച്ചുവെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്. ഒൻപത് മുതൽ 10 മണി വരെ കാത്ത് നിന്നു. അതുവരെ മറ്റൊരും തനിക്ക് മുന്നിലോ പുറകിലോ ഉണ്ടായിരുന്നില്ല. എന്നാൽ 9.30ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി തന്റെ ടോക്കൺ രണ്ടാമതാണെന്ന് അറിയിക്കുകയായിരുന്നുവെന്നും ഭരിക്കുന്നവർക്ക് വേണ്ടി നടപടി അട്ടിമറിച്ചുവെന്നാണ് ഉണ്ണിത്താൻ കുറ്റപ്പെടുത്തിയത്. അതേസമയം ആദ്യം എത്തിയത് അസീസാണ് എന്നും അതിനാലാണ് ടോക്കൺ എൽ ഡി എഫിന് നൽകിയതെന്നുമാണ് കളക്ടറുടെ ഓഫീസ് വിശദീകരിച്ചത്.
അതേസമയം കാസർഗോഡ് ലോക്സഭ മണ്ഡലത്തിൽ എൽ ഡി എഫ് ,യു ഡി എഫ് സ്ഥാനാർത്ഥികളെ കൂടാതെ ഇതുവരെ 10 സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. വ്യാഴാഴ്ച രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്.












Click it and Unblock the Notifications