പെരിയ വിവാഹ സൽക്കാര വിവാദം;4 മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്
കാസർകോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്. മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പുറത്താക്കിയത്. കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം എൻ സുബ്രഹ്മണ്യം, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എം നിയാസ് എന്നിവരടങ്ങുന്ന സമിതി കഴിഞ്ഞ മാസമായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. നേതാക്കള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചു. പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു.

ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം വേണമെന്നും പ്രതിമാസം ജില്ലാ നേതാക്കള്‍ രക്തസാക്ഷികളുടെ വീട് സന്ദര്‍ശിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് വിവാഹ സത്കാരവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിൽ ഉണ്ടായത്.പെരിയ കേസിലെ 13ാം പ്രതിയും മുൻ സി പി എം ലോക്കൽ സെക്രട്ടറി കൂടിയായ എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹസത്കാരത്തിലായിരുന്നു നേതാക്കൾ പങ്കെടുത്തത്. വിവാഹത്തിൽ പങ്കെടുത്ത പുല്ലൂർ-പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രമോദ് പെരിയയുടെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. ഇതോടെ നേതൃത്വം പ്രമോദിനെതിരെ നടപടിയെടുക്കുകയും സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
എന്നാൽ താൻ മാത്രമല്ല ജില്ലയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളടക്കം ചടങ്ങിൽ പങ്കെടുത്തുവെന്നും അവർക്കെതിരേയും നടപടി വേണമെന്ന് പ്രമോദ് തുറന്നടിച്ചു. സംഭവത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും നേതാക്കൾക്കെതിരെ പരസ്യ വിമർശനം ഉയർത്തി. രക്തസാക്ഷികളെ അപമാനിച്ചവർ മാപ്പ് അർഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരെ ബാലകൃഷ്ണൻ പെരിയയും രംഗത്തെത്തി. ഉണ്ണിത്താനെ വിമർശിച്ച് നീണ്ട ഫേസ്ബുക്ക് കുറിപ്പും ബാലകൃഷ്മൻ ഫേസ്ബുക്കിൽ പങ്കിട്ടു.
ഇതിന് പിന്നാലെയാണ് നേതാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നത്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് നേതാക്കൾ അടക്കമുളളവർ നേതൃത്വത്തോട് ആവശ്യം ഉയർത്തി. ഇതോടെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചത്.












Click it and Unblock the Notifications