കാസർകോട് മധ്യവയസ്കന്റെ കീഴ്ച്ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു; ഗുരുതര പരിക്ക്
കാസർകോട്: ചെറുവത്തൂരിൽ മധ്യവസ്ക്കനെ തെരുവുനായ ആക്രമിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്ത്. ഇദ്ദഹേത്തിന്റെ കീഴ്ച്ചുണ്ട് നായ കടിച്ചുപറിച്ചു. ഇദ്ദേഹം ഇപ്പോൾ കാഞ്ഞാങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മരപ്പണിക്കാരനാണ് മധു.
വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്ന് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. കീഴ്ച്ചുണ്ടിനാണ് ആദ്യം നായ കടിച്ചത്. പിന്നീട് ശരീരമാകെ കടിച്ചുപറിച്ചു. ഉടനെ തന്നെ ആശുപത്രിയിലിൽ എത്തിച്ചുകൊണ്ടാണ് മധുവിന്റെ ജീവൻ രക്ഷിക്കാനായത്. രണ്ട് ദിവസം മുൻപ് രണ്ട് കുട്ടികളേയും തെരുവുനായ ആക്രമിച്ചിരുന്നു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആക്രമിച്ച നായയെ നാട്ടുകാർ പിടികൂടിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയുടെ പലഭാഗങ്ങളിലും തെരുവുനായയുടെ ആക്രമണം രൂക്ഷമാണ്. വളർത്തുമൃഗങ്ങൾക്ക് നേരേയും തെരുവുനായ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കാസർഗോഡ് നഗരത്തിൽ ഫൂട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന ആളെ തെരുവുനായ ആക്രമിച്ചു.
കഴിഞ്ഞദിവസം പത്തനംതിട്ടയിൽ ഇന്നലെ പത്ത് പേരെയാണ് തെരുവുനായ ആക്രമിച്ചത്. തൃശൂർ ജില്ലയിലെ വല്ലച്ചിറ, ഊരകം ഭാഗങ്ങളിൽ പത്ത് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. അതേസമയം ഞായറാഴ്ച തെരുവുനായയുടെ കടിയേറ്റ് കണ്ണൂർ മുഴപ്പിലങ്ങാടിൽ 11കാരൻ മരിച്ചിരുന്നു. സംസാരശേഷിയില്ലാതിരുന്ന നിഹാൽ നൗഷാദാണ് മരിച്ചത്. നിഹാലിനെ തെരുവ് നായ്ക്കൾ കടിച്ചുകീറുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് നിന്ന് നിഹാലിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നിഹാലിന്റെ മുഖത്തും കൈകാലുകളിലും നായ കടിച്ചുപറിച്ച പാടുകളുണ്ടായിരുന്നു.
മുഖത്തേറ്റ മുറവ് ആഴത്തിലുള്ളവയായിരുന്നു. കുട്ടിയുടെ അരയ്ക്ക് താഴെയാണ് ഗുരുതരമായ കടിയേറ്റത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധായ കേസെടുത്തു.












Click it and Unblock the Notifications