തെരുവ് നായ ശല്യം; കാസർഗോഡ് മൂന്ന് താല്‍ക്കാലിക എബിസി കേന്ദ്രങ്ങള്‍ കൂടി ഉടൻ
കാസർഗോഡ്: ജില്ലയിൽ തെരുവ് നായ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായി മൂന്ന് താല്‍ക്കാലിക എബിസി കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാൻ തീരുമാനം. തെരുവ്-വളര്‍ത്ത് നായകള്‍ക്ക് ജില്ലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാനും ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനമായി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് നായ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമായത്.

തെരുവുനായകള്‍ക്കൊപ്പം വളര്‍ത്തുനായ്ക്കള്‍ക്കും വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമാക്കും.സെപ്തംബര്‍ 26ന് വാക്‌സിനേഷന്‍ ആരംഭിക്കും. ഒക്ടോബര്‍ 26നകം വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കാന്‍ നിശ്ചിത ഫീസ് നിശ്ചയിക്കും.
കാസര്‍കോട് എബിസി കേന്ദ്രത്തിന്റെ നവീകരണത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് ഇരുപത് ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം എൽ എ യോഗത്തില്‍ അറിയിച്ചു. തെരുവുനായ്കള്‍ക്കെതിരെ വാര്‍ഡ്തലങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ വന്ധ്യംകരിക്കാന്‍ ജില്ലയില്‍ ഒടയന്‍ചാല്‍ , മംഗല്‍പാടി, മുളിയാര്‍ എന്നിവിടങ്ങളില്‍ താല്കാലിക എബിസി കേന്ദ്രം ആരംഭിക്കും. ജില്ലയില്‍ നിലവില്‍ കാസര്‍കോടും തൃക്കരിപ്പൂരും ഉള്ള എബിസി കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും.
വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സിംഗും വാക്‌സിനേഷനും സംബന്ധിച്ച് ആശവര്‍ക്കര്‍മാര്‍ മുഖേന വീടുകള്‍ തോറും കണക്കെടുപ്പ് നടത്തും. തുടര്‍ന്ന് നിശ്ചിത തുക നിശ്ചയിച്ച് പദ്ധതി നടപ്പിലാക്കും. തെരുവുനായ ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത്-നഗരസഭാ തലങ്ങളില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തിരമായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി ഭരണാനുമതി നല്‍കും. നായകള്‍ക്കുള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഭരണസമിതി കൃത്യമായി ആസൂത്രണം ചെയ്യണം. ജില്ലയില്‍ ഹോട്‌സ്‌പോട്ട് ആയി കണ്ടെത്തിയ മേഖലകളില്‍ തെരുവുനായകള്‍ക്ക് അഭയകേന്ദ്രം ഒരുക്കും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നായകള്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത്തലത്തിലും പ്രത്യേകം സംഘത്തെ നിയോഗിക്കും.
ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ഉപാധികള്‍ തയ്യാറാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും കടകളും മാംസ വില്‍പന കേന്ദ്രങ്ങളും പരിശോധിക്കാനുള്ള സംഘത്തെ രൂപീകരിക്കും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തും. പൊതു സ്ഥലങ്ങളിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന സ്വീകരിക്കുമെന്നും യോഗം അറിയിച്ചു.












Click it and Unblock the Notifications