'രാജ്മോഹൻ ഉണ്ണിത്താൻ കണ്ടാമൃഗമാണെന്ന് സുധാകരൻ പറഞ്ഞു; കോൺഗ്രസിലെ രഹസ്യങ്ങൾ അയാൾക്കറിയാം';ബാലകൃഷ്ണൻ പെരിയ
കാസർകോഡ്: പെരിയ വിവാഹ സത്കാര വിവാദത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടതിന് പിന്നാലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരനേയും രാജ്മോഹൻ ഉണ്ണിത്താനെയും അതിരൂക്ഷമായി വിമർശിച്ച് ബാലകൃഷ്ണൻ പെരിയ. കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഒരുപാട് രഹസ്യങ്ങൾ ഉണ്ണിത്താന് അറിയാമെന്നും ഉണ്ണിത്താന്റെ ഭീഷണിയിൽ ഭയന്നാണ് തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. മനോരമ ഓൺലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രക്തസാക്ഷികളുമായി പുലബന്ധം പോലും ഇല്ലാത്തയാളാണ് ഉണ്ണിത്താൻ. അവരുടെ കുടുംബത്തിനായി ഒരു രൂപ പോലും നൽകിയിട്ടില്ല. നെറ്റിയിലെ കുറി മായ്ച്ച് കളഞ്ഞ് കാസർകോഡിന്റെ സെക്കുലറിസത്തിന് നേരെ കൊഞ്ഞനം കുത്തുകയാണ് ഉണ്ണിത്താൻ ചെയ്യുന്നത്. ജീവിതത്തിൽ എല്ലാ ദോഷങ്ങളും ചെയ്തിട്ടുള്ള വ്യക്തിയാണ് ഉണ്ണിത്താൻ. എല്ലാ അസാന്മാർഗിക കേസുകളിലും പ്രതിയായി, തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാണ് അദ്ദേഹം കാസർകോഡേക്ക് വന്നത്. എന്നിട്ടും ഞങ്ങൾ അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ചു.

35 വർഷമായി കോൺഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തന്നെയാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തൃശൂരിലെ തോൽവിയടക്കം പല വിഷയങ്ങളും ചർച്ചയാകേണ്ട സമയത്താണ് ഒരു വിവാഹത്തിൽ പങ്കെടുത്തതിന് ഈ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. നടപടി ഉണ്ടാകുന്നതിന് തലേ ദിവസം മണിക്കൂറുകളോളം കെ സുധാകരനുമായി സംസാരിച്ചിരുന്നു. കെ പി സി സി സെക്രട്ടറി സ്ഥാനത്തുനിന്നു രാജി വച്ചാൽമതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റൊന്നും അദ്ദേഹം പറഞ്ഞില്ല. ഉണ്ണിത്താൻ ഭയങ്കര ശല്യമാണെന്നും അവനൊരു കാണ്ടാമൃഗമാണെന്നും എന്നെ പുറത്താക്കാൻ ഉണ്ണിത്താൻ വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജിവെച്ചാൽ താൻ തെറ്റുകാരനായിപ്പോകുമെന്ന് പറഞ്ഞപ്പോൾ എന്നാൽ മുന്നോട്ടുള്ള കാര്യങ്ങൾ നിനക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.പുറതാക്കിയെങ്കിലും കോൺഗ്രസിനെ തള്ളിപ്പറയില്ല. കോൺഗ്രസുകാരനായി തന്നെ താൻ തുടരും', അദ്ദേഹം പറഞ്ഞു. പെരിയ വിവാഹ സത്കാര വിവാദത്തെ തുടർന്നാണ് ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള നാല് കോൺഗ്രസ് നേതാക്കളെ പുറത്താക്കിയത്. വിഷയം പഠിച്ച അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അതേസമയം നേതാക്കളെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത്രയും വലിയ നടപടി പ്രതീക്ഷിച്ചില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം പറയുന്നത്.












Click it and Unblock the Notifications