14 ആയി ഉയർന്ന് കേരളത്തിലെ കൊവിഡ് മരണങ്ങൾ! കൊല്ലത്തെ മരണം വീട്ടിൽ, 2 പേർ പുറത്ത് നിന്നെത്തിയവർ!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ. ഇതാദ്യമായാണ് ഒരു ദിവസം സംസ്ഥാനത്ത് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ കേരളത്തിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലാണ് മരണങ്ങൾ. ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരണപ്പെട്ടിരിക്കുന്നത്.
മൂവരുടേയും മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലപ്പുറം സ്വദേശിയായ ഷബ്‌നാസ് രക്താര്‍ബുദ ചികിത്സയില്‍ ആയിരുന്നു. ഇദ്ദേഹം ഇന്നലെയാണ് മരണപ്പെട്ടത്. എന്നാൽ കൊവിഡ് പരിശോധനാ ഫലം ഇന്നാണ് പുറത്ത് വന്നത്. കൊല്ലം സ്വദേശിയായ സേവ്യര്‍ മരണമടഞ്ഞതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് മെഡിക്കൽ ബോർഡ് ഇദ്ദേഹത്തിന് പരിശോധന നിർദേശിച്ചു. രണ്ട് തവണ പരിശോധിച്ചാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് ജില്ലയിലെ ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന്റെ മരണവാര്‍ത്ത രാവിലെ പുറത്ത് വന്നതാണ്. മീനാക്ഷി അമ്മാളിന് 73 വയസ്സായിരുന്നു പ്രായം. ചെന്നൈയില്‍ നിന്നെത്തിയതിന് ശേഷം ശ്രീകൃഷ്ണപുരത്തുളള സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മെയ് 28ന് ഇവര്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീനാക്ഷി അമ്മാളിന് ആദ്യം നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു. രാവിലെ ഇവര്‍ മരണപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പ്രമേഹ രോഗി ആയിരുന്ന മീനാക്ഷി അമ്മാളിന് ന്യൂമോണിയയും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 1500 കടന്നിരിക്കുകയാണ്. ഇന്ന് 39 പേരാണ് രോഗമുക്തരായത്.












Click it and Unblock the Notifications