സർക്കാർ നാലര വർഷം പിന്നിടുമ്പോൾ രണ്ടര ലക്ഷത്തിലേറെ വീടുകൾ, അതിലേറെ പുഞ്ചിരികൾ
തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന്റെ ഭരണകാലത്ത് ഇതുവരെ പണിതുയര്‍ത്തിയത് 2.5 ലക്ഷം വീടുകള്‍. ഭവന രഹിതരായ ഏറ്റവും അർഹരായ ആളുകൾക്ക് വീട് എന്ന തങ്ങളുടെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാനാണ് ലൈഫ് മിഷൻ (സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി) ആരംഭിച്ചത്. സമയബന്ധിതമായി മികവോടുകൂടി വീട് നിർമ്മാണം പൂർത്തീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് വിവിധ വകുപ്പുകളുടെ കീഴിലുള്ള ഭവനനിർമ്മാണ പദ്ധതികൾ ഏകോപിപ്പിച്ച് ലൈഫ് എന്നപേരിൽ ഒരു മിഷൻ തന്നെ സർക്കാർ ആവിഷ്‌കരിച്ചത്.
നാലര വർഷം പിന്നിടുമ്പോൾ രണ്ടര ലക്ഷത്തോളം പേർക്ക് ആശ്വാസം നൽകാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ് എന്ന് സർക്കാർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള ഭവന പദ്ധതികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് ലൈഫ് മിഷൻ ഏറ്റെടുത്തത്. രണ്ടാംഘട്ടത്തിൽ പുതിയ വീടുകളാണ് നിർമ്മിച്ചു നൽകിയത്. മൂന്നാംഘട്ടത്തിൽ സമുച്ചയ നിർമ്മാണമാണ് ഏറ്റെടുത്തത്. 2,50,547 വീടുകൾ ഇതുവരെ പൂർത്തീകരിച്ചു കഴിഞ്ഞു. ഇപ്പോഴും പ്രക്രിയ നടക്കുകയാണ്.
ഒന്നാം ഘട്ടം പൂർത്തീകരിച്ചത് 52607 വീടുകളാണ്. രണ്ടാം ഘട്ടത്തിൽ 87697 വീടുകൾ പൂർത്തീകരിച്ചു. ഇതിനു പുറമെ പി. എം. എ. വൈ അർബൻ, റൂറൽ, ഫിഷറീസ്, എസ്. സി, എസ്. ടി വകുപ്പുകളുടെയും ഭവന പദ്ധതികളിൽ വീടുകൾ നിർമിച്ചു. മൂന്നാം ഘട്ടത്തിൽ ഭൂരഹിതഭവനരഹിതർക്ക് ഭവനസമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. ഭവനസമുച്ചയങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു.
നഗരങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജന അർബൻ പദ്ധതിയുമായി ചേർന്നാണ് വീട് നിർമ്മിക്കുന്നത്. രണ്ടരലക്ഷത്തിലേറെ വീടുകൾ അതിലേറെ പുഞ്ചിരികൾ എന്ന ടാഗ് ലൈനിലാണ് ലൈഫ് മിഷൻ പ്രവർത്തിക്കുന്നത്. നാല് ലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് എന്ന തരത്തിലാണ് ലൈഫ് മിഷൻ വീടിന് നൽകുന്നത്. പട്ടികജാതി വിഭാഗങ്ങൾക്ക് ആറു ലക്ഷമാണ് നൽകുന്നത്. കേരളത്തിലെ പാവപ്പെട്ട വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ സർക്കാരിന് സാധിച്ചു എന്നതിന് തെളിവാണ് ലൈഫ് മിഷൻ പദ്ധതി.