സംസ്ഥാനത്ത് 4 പേർക്ക് കൂടി കൊവിഡ് ജെഎൻ 1; അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ 1 സ്ഥിരികരിച്ചു. കോഴിക്കോട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു.
കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾക്ക് ട്രാവൽ ഹിസ്റ്ററി ഉള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000ത്തിലെത്തി. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 17 പേരാണ്. അതിവ്യാപനശേഷിയുള്ള കോവിഡ് വകഭേദമാണ് ജെഎന്‍ 1. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ക്രിസ്മസ് -പുതുവത്സരാഘോഷ കാലമായതിനാൽ രോഗബാധിതരുടെ എണ്ണമുയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

മാസ്ക് നിർബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യ വിദഗ്ദർ നൽകുന്നത്. രോഗത്തെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്‌സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ഓക്‌സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളും സംസ്ഥാനത്ത് ക്രമീകരിച്ചിട്ടുണ്ട്.
മരണ സംഖ്യ ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക തീർക്കുന്നുണ്ട്. എന്നാൽ മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ലെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം കരകുളം സ്വദേശിയായ 79കാരിയിലാണ് ജെ എൻ 1 ആദ്യം കണ്ടെത്തിയത്. ഇവരുടെ സാംപിൾ ഹോൾ ജീനോമിക് പരിശോധന നടത്തിയപ്പോഴാണ് പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൊവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ജെഎൻ 1വകഭേദം. ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86. നേരത്തേ അമേരിക്ക, യുകെ, ഐലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണം ഈ വകഭേദമായിരുന്നു.












Click it and Unblock the Notifications