സ്വാഭാവികമരണം എന്നു കരുതിയ 73കാരിയുടെ മരണം കൊലപാതകം
പനമരം : സ്വാഭാവികമരണം എന്നു കരുതിയ 73കാരിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കോലപാതകത്തിന് പിന്നല്‍ മരുമകളും പേരക്കുട്ടിയും. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടമാണു വഴിത്തിരിവായത്. കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എ.കെ.ജി. വലിയ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ഇന്ദിര (73)യുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ സുന്ദരപ്രഭയുടെ ഭാര്യ അംബിക (45), അംബികയുടെ മകന്‍ സോബിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ദിരയുടെ മരണം സാധാരണമാണെന്നാണു പൊതുവേ കരുതിയതെങ്കിലും വീട്ടുവഴക്കിനെക്കുറിച്ചറിയാവുന്ന ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇന്ദിരയ്ക്കു ക്രൂരമായ മര്‍ദനമേറ്റിരുന്നെന്നും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും വ്യക്തമായത്. പിന്നീടു നടത്തിയ ചോദ്യംചെയ്യലില്‍ പേരക്കുട്ടിയായ സോബിന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

സംഭവ ദിവസം വൈകുന്നേരം മദ്യപിച്ചെത്തിയ സോബിന്‍ ഇന്ദിരയെ മര്‍ദിച്ച് അവശയാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ടെന്ന് പോലീസ് പറഞ്ഞു. പുറത്തുപോയ സോബിന്‍ രാത്രിയില്‍ തിരിച്ചെത്തി വീണ്ടും മര്‍ദിച്ചു. ഇന്ദിരയുടെ തോള്‍ക്കുഴ തെറ്റിയതായും വാരിയെല്ല് ഒടിഞ്ഞതായും തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. എന്നാല്‍ ഇന്ദിരയെ സോബിന്‍ മര്‍ദിക്കുന്നതു കണ്ടിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതാണ് അംബികയെ കേസില്‍ പ്രതിചേര്‍ക്കാന്‍ കാരണം. ഇന്ദിര പ്രമേഹരോഗിയായിരുന്നു. അംബികയുമായും മക്കളുമായും മാനസികമായി അകല്‍ച്ചയിലായിരുന്ന ഇന്ദിര സ്വന്തമായി ഭക്ഷണം പാകം ചെയ്താണു കഴിച്ചിരുന്നത്. അംബികയുടെ ഭര്‍ത്താവ് ഇവരുമായി അകന്നാണു താമസം.
ഇന്ദിരയെ മര്‍ദിക്കുന്നതു തടയാതിരുന്നത് സോബിനെ പേടിയായതിനാലാണെന്ന് അംബിക പോലീസിനു മൊഴി നല്‍കി. ഇന്ദിരയുടെ മരണശേഷം സോബിന്‍ തേഞ്ഞിപ്പലത്തുള്ള ബന്ധുവീട്ടിലായിരുന്നു. അവിടെനിന്നാണു പോലീസ് സോബിനെ കസ്റ്റഡിയില്‍ എടുത്തത്. ബത്തേരി സി.ഐ. ബിജുരാജ്, കേണിച്ചിറ എസ്.ഐ. ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.












Click it and Unblock the Notifications