മദ്യം വാങ്ങാനെത്തിയ ആൾ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; സംഭവം തൊടുപുഴയിൽ
തൊടുപുഴ: ബെവ്കോ ഔട്ട്ലെറ്റിൽ കത്തിക്കുത്തും തർക്കവും. തൊടുപുഴയിലെ മദ്യവിൽപ്പനശാലയിലാണ് ജീവനക്കാർക്ക് നേരെ ആക്രമണമുണ്ടായത്. മദ്യം വാങ്ങാനെത്തിയ ആൾ മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. മദ്യം പൊതിഞ്ഞു നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
നഗരത്തിലെ പ്രധാന മദ്യവില്പനശാലയായ തൊടുപുഴയിലെ ബെവ്കോ ഔട്ട്ലെറ്റിൽ ഉച്ചയ്ക്ക് 1:40 ഓടെയായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ തൊടുപുഴ മുട്ടം സ്വദേശിയായ ജോസ് മദ്യം പൊതിഞ്ഞു നൽകണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടർന്ന്, പ്രകോപിതനായ ഇയാൾ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ഔട്ട്ലെറ്റിലെ ഒരു സെയിൽസ്മാനെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഷോപ്പിലെ സെയിൽസ്മാനായ എം എം ജോർജുകുട്ടി, സെക്യൂരിറ്റി ജീവനക്കാരായ കെ ഇ കരീം, ആർ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ജോസിനെ മുട്ടം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ സ്റ്റേഷനിലെത്തിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യും.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും
പെട്ടെന്നുണ്ടായ പ്രകോപനമാണ് കത്തിക്കുത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇയാളുടെ പേരിൽ മറ്റെന്തെങ്കിലും കേസുകളുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. സ്ഥിരമായി മദ്യവില്പനശാലയിലെത്തിയിരുന്നയാളാണ് ജോസ് എന്നാണ് ലഭിക്കുന്ന വിവരം. പൊലീസിൻ്റെ ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും.


Click it and Unblock the Notifications